കാരക്കസ്: തലസ്ഥാനമായ കാരക്കാസിൽ വെനസ്വേലൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെപ്പ്. യുഎസ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന് വെനിസ്വേലയിൽ കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയിൽ വെടിവെയ്പ്പുണ്ടായത്.
എന്നാൽ അനുമതിയില്ലാതെ പറക്കുകയായിരുന്നു ഡ്രോണുകൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വെനസ്വേലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചത്.’യാതൊരു ഏറ്റുമുട്ടലും ഉണ്ടായിട്ടില്ല, ഇപ്പോൾ രാജ്യം പൂർണ്ണമായും ശാന്തമാണ്’ മന്ത്രാലയം പറഞ്ഞു.
വെനസ്വേലയിലെ വെടിവെപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. ‘വെനസ്വേലയിൽ നിന്നുള്ള വെടിവെപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ അമേരിക്ക നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാൽ അമേരിക്കയ്ക്ക് ഇതിൽ പങ്കില്ല’ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വെടിവെയ്പ്പിന് പിന്നിൽ വെനസ്വേലയിലെ പാരമിലിട്ടറി ഗ്രൂപ്പുകൾ തമ്മിലുള്ള ആശയകുഴപ്പമാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ വെനസ്വേലൻ പാർലമെന്ററി സമ്മേളനത്തിൽ വെച്ച് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കൻ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡുറോയെ മോചിപ്പിക്കണമെന്ന ആവശ്യം റോഡ്രിഗസ് ഉയർത്തി.
















































