നാടുകടത്തൽ വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർഥികൾക്കുള്ള പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ഇനി മുതൽ ക്ലാസുകളിൽനിന്ന് വിട്ടുനിൽക്കുകയോ, കോഴ്സിൽനിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യയിലെ യുഎസ് എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പറയുന്നതിങ്ങനെ- വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളിൽനിന്ന് വിട്ടുനിൽക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വിസാ നിബന്ധനകൾ പാലിക്കുകയും സ്റ്റുഡന്റ് സ്റ്റാറ്റസ് നിലനിർത്തുകയും ചെയ്യുക – ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
അതേസമയം ഈ വർഷം ആദ്യമുണ്ടായ നാടുകടത്തൽ നടപടികൾക്ക് പിന്നാലെയാണ് യുഎസ് സർക്കാരിൽ നിന്നുള്ള പുതിയ മുന്നറിയിപ്പ്. കൂട്ട നാടുകടത്തൽ നടപടികൾക്കിടെ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല കോളേജുകളും വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
കൂടാതെ ഇന്ത്യയിലെ യുഎസ് എംബസിയും ഇന്ത്യക്കാർക്ക് നാടുകടത്തൽ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഡൊണാൾഡ് ട്രംപിന്റെ നാടുകടത്തൽ നടപടികളുടെ ഭാഗമായി 2025 ജനുവരി മുതൽ അമേരിക്ക ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 682 ഇന്ത്യൻ പൗരന്മായൊണ് യുഎസിൽനിന്ന് നാടുകടത്തിയത്. അവരിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി അവിടെ എത്തിയവരായിരുന്നു.