വാഷിങ്ടൺ: തീരുവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പണി കൊടുത്ത ഇന്ത്യയിൽ നിന്നു തന്നെ സഹായം തേടി അമേരിക്ക. ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യം തകർക്കാൻ ഇന്ത്യയുടേയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്.
അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് അമേരിക്ക എങ്ങനെ സ്വയം രക്ഷിക്കുമെന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനായി ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണ്. അവർ ലോകത്തിൻ്റെ മുഴുവൻ വിതരണ ശൃംഖലയ്ക്കും വ്യാവസായിക അടിത്തറയ്ക്കും നേരെ തോക്ക് ചൂണ്ടിയിരിക്കുകയാണ്. അത് അനുവദിക്കില്ല. സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും യുദ്ധത്തിന് പണം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. അമേരിക്ക ലോകത്ത് സമാധാനത്തിനായി പ്രയത്നിക്കുമ്പോൾ ചൈന യുദ്ധത്തിന് പണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക കയറ്റുമതി നിയമങ്ങൾ വിപുലീകരിച്ചതിന് പിന്നാലെ ചൈന അപൂർവധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൈനീസ് നിയന്ത്രണങ്ങൾ യുഎസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ നീക്കം യുഎസ് പ്രതിരോധ മേഖലയെ ബാധിക്കുമെന്നും വരാനിരിക്കുന്ന വ്യാപാര ചർച്ചകളിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിന് ശക്തമായ മുൻതൂക്കം നൽകുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അതുപോലെ യുഎസ് പ്രതിരോധ വകുപ്പിന്റെ അഭിപ്രായത്തിൽ, എഫ്-35 ഫൈറ്റർ ജെറ്റ്, വിർജീനിയ, കൊളംബിയ ക്ലാസ് അന്തർവാഹിനികൾ, പ്രിഡേറ്റർ ഡ്രോണുകൾ, ടോമഹോക്ക് മിസൈലുകൾ, നൂതന റഡാർ, കൃത്യതയോടെ ലക്ഷ്യമിടുന്ന ബോംബ് സംവിധാനങ്ങൾ എന്നിവയ്ക്ക് അപൂർവ ധാതുക്കൾ അത്യാവശ്യമാണ്. ചൈനീസ് നിയന്ത്രണങ്ങൾ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും.
ഇൻ്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, ചൈന അപൂർവ ധാതു വിതരണ ശൃംഖലയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നു. ആഗോള ഖനനത്തിൻ്റെ 60 ശതമാനവും ശുദ്ധീകരണത്തിൻ്റെ 90 ശതമാനത്തിലധികവും ചൈനയുടെ കൈവശമാണ്. നിലവിൽ യുഎസിലേക്കുള്ള അപൂർവ ധാതുക്കളുടെ ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും ചൈനയിൽ നിന്നാണ് വരുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ കണക്കാക്കുന്നു. അതേസമയം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ നിലനിർത്തുമ്പോഴാണ് യുഎസ് ട്രഷറി സെക്രട്ടറി ചൈനയ്ക്കെതിരെ പിന്തുണ ആവശ്യപ്പെടുന്നതെന്നത് മറ്റൊരു വസ്തുത.