അലക്‌സാണ്ട്രിയ: വെർജീനിയയിലെ മുൻ അറ്റോർണി ജനറൽ ജെസീക്ക എബറിനെ (43) വെർജീനിയയിലെ അലക്‌സാണ്ട്രിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 9:18ഓടെ ബെവർലി ഡ്രൈവിലെ വീട്ടിൽ ബോധരഹിതയായ ഒരു സ്‌ത്രീയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. തുടർന്ന്, മരിച്ചത് സ്‌ത്രീ ജെസീക്ക എബറാണെന്ന് സ്ഥിരീകരിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണം ആരംഭിച്ചതായി അലക്‌സാണ്ട്രിയ പോലീസ് അറിയിച്ചു.
ജെസീക്ക എബർ ഈസ്‌റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് വെർജീനിയയിൽ അസിസ്‌റ്റന്റ് യുഎസ് അറ്റോർണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് 2009ലാണ്. 2015 മുതൽ 2016 വരെ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്‌റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലറായി സേവനമനുഷ്ഠിച്ചു. പിന്നീട്, ഈസ്‌റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് വെർജീനിയയിലെ ക്രിമിനൽ ഡിവിഷന്റെ ഡപ്യൂട്ടി ചീഫായി.
അതേസമയം 2021ൽ മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ജെസീക്ക എബറിനെ യുഎസ് അറ്റോർണിയായി നാമനിർദേശം ചെയ്‌തത്. സെനറ്റ് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഈ വർഷം ജനുവരിൽ ജെസീക്ക സ്ഥാനം രാജിവച്ചു.