വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കെതിരെ യുഎസ് ഗവൺമെന്റ് സ്വീകരിച്ചു വരുന്ന നടപടികളിൽ ഏറ്റവും കൂടുതൽ പണി കിട്ടുക ഇന്ത്യൻ വിദ്യാർഥികൾക്ക്. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് ഈയടുത്തിടെ അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ പകുതിയും ഇന്ത്യൻ വിദ്യാർഥികളുടേതാണെെന്ന് പറയുന്നു. ഈയടുത്തിടെ 327 സ്റ്റുഡന്റ് വിസകളാണ് അമേരിക്ക റദ്ദാക്കിയത്.
അതേസമയം റദ്ദാക്കിയ വിസകളിൽ 14 ശതമാനം ചൈനയിൽ നിന്നുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ. ‘ദി സ്കോപ്പ് ഓഫ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ആക്ഷൻസ് എഗെയിൻസ്റ്റ് ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ്’ എന്ന തലക്കെട്ടിൽ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും (ICE) കഴിഞ്ഞ നാല് മാസമായി വിദേശ വിദ്യാർഥികളുടെ വിവരങ്ങളും, ആക്ടിവിസം ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ സ്‌ക്രീനിംഗ് നടത്തുന്നതെന്നും ഇതിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.
ക്യാംപസിലെ പ്രതിഷേധങ്ങളിൽപ്പോലും പങ്കെടുക്കാത്തവരെയടക്കം തെറ്റായി മുദ്ര കുത്തുന്നുവെന്നും ആരോപണമുണ്ട്. സോഷ്യൽ മീഡിയ വഴിയും പലസ്തീൻ ഉൾപ്പെടെയുള്ള വിഷയത്തിലുള്ള പ്രതികരണങ്ങൾ പോലും നിരീക്ഷിച്ച് വരികയാണ്. വിസ റദ്ദാക്കുന്ന പുതിയ നടപടി ടെക്സസ്, കാലിഫോർണിയ, ന്യൂയോർക്ക്, മിഷിഗൺ, അരിസോണ എന്നീ നഗരങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം വിസ റദ്ദാക്കിയ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസിയും കോൺസുലേറ്റും വിദ്യാർഥികളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.