വാഷിങ്ടണ്‍: ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ചൈനയിലുള്ള യുഎസ് നയതന്ത്രജ്ഞര്‍, ഇവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ നിയമിച്ച മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജനുവരി മുതല്‍ ചൈനയിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി സെക്സ് ചലഞ്ചു’മായി യുവതി
ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം ബാധകമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ കൈകാര്യംചെയ്യുന്ന സര്‍ക്കാര്‍ നിയോഗിച്ച മറ്റു ഉദ്യോഗസ്ഥര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടാനോ ശാരീരികബന്ധം പുലര്‍ത്താനോ പാടില്ലെന്നാണ് നിര്‍ദേശമുള്ളത്. ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. അതേസമയം, നിലവില്‍ ചൈനീസ് പൗരന്മാരുമായി ഏതെങ്കിലുംരീതിയിലുള്ള ബന്ധമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് തേടാന്‍ അപേക്ഷ നല്‍കാം. എന്നാല്‍, ഈ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ചൈനീസ് പൗരന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും.
ചൈനയിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള പുതിയ നിര്‍ദേശം ട്രംപ് ഭരണകൂടം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ യുഎസും ചൈനയുമായുള്ള ബന്ധം വഷളായിരിക്കെയാണ് യുഎസ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ട് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചൈനീസ് ഏജന്റുമാര്‍ നേരത്തേ വശീകരിച്ച് കെണിയില്‍ കുടുക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സിഐഎ അനലിസ്റ്റായ പീറ്റര്‍ മാറ്റിസ് പ്രതികരിച്ചു. അടുത്തിടെ ഇത്തരം കേസുകള്‍ ഉണ്ടായതായി കേട്ടിട്ടില്ല. സാധാരണ ജനങ്ങളെ ഉപയോഗിച്ച് പോലും വിവരങ്ങള്‍ ശേഖരിക്കുന്നവരാണ് ചൈനീസ് സുരക്ഷാ ഏജന്‍സികള്‍. സാധാരണക്കാരെ സമ്മര്‍ദത്തിലാക്കിയാണ് ചൈനീസ് ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കാറുള്ളതെന്നും അതിനാല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ചൈനീസ് പൗരന്മാര്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.