ചണ്ഡീഗഢ്: വനിതാ ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്താൻ വൈകിയത് ആർത്തവം കാരണമാണെന്ന് പറഞ്ഞതിനെ തുടർന്ന് വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി. ഹരിയാനയിലെ റോഹ്ത്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാല(എംഡിയു)യിലാണ് നീച സംഭവം അരങ്ങേറിയത്. സംഭവത്തിൽ സർവകലാശാലയിലെ നാല് വനിതാ ശുചീകരണത്തൊഴിലാളികളാണ് പുരുഷന്മാരായ രണ്ട് സൂപ്പർവൈസർമാർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ വിദ്യാർഥികളും രോഷാകുലരായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 26-നാണ് സംഭവമുണ്ടായതെന്നാണ് തൊഴിലാളികൾ പറയുന്നു. ഹരിയാന ഗവർണർ അസിംകുമാർ ഘോഷ് അന്നേദിവസം സർവകലാശാല കാമ്പസിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഗവർണറുടെ സന്ദർശനം നടക്കുന്ന ദിവസം ശുചീകരണത്തൊഴിലാളികളായ നാല് സ്ത്രീകൾ വൈകിയാണ് ജോലിക്കെത്തിയത്. കാരണമറിയാൽ സൂപ്പർവൈസർമാരായ വിനോദ് കുമാറും വിതേന്ദർ കുമാറും ഇവരെ ചോദ്യംചെയ്തു. ആർത്തവം കാരണമാണ് ജോലിക്കെത്താൻ വൈകിയതെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. എന്നാൽ, സൂപ്പർവൈസർമാർ ഇവരുടെ വിശദീകരണം അംഗീകരിച്ചില്ല. തെളിവ് വേണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് സൂപ്പർവൈസർമാർ സ്ത്രീകളിലൊരാളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് മറ്റൊരു ജീവനക്കാരിയോട് ഇവരുടെ സാനിറ്ററി പാഡുകൾ പരിശോധിക്കാനും ആവശ്യപ്പെട്ടു. കൂടാതെ തെളിവിനാണെന്ന് പറഞ്ഞ് സാനിറ്ററി പാഡുകളുടെ ചിത്രം പകർത്തിയതായും ജീവനക്കാർ പറയുന്നു.
പരിശോധന അതിരുകടന്നതോടെ സൂപ്പർവൈസർമാർ അപമാനിച്ചെന്ന് പറഞ്ഞ് തൊഴിലാളികൾ ബഹളംവെച്ചു. ഇവർ പ്രതിഷേധവും ആരംഭിച്ചു. ഇതോടെ മറ്റു തൊഴിലാളികളും ക്യാംപസിലെ വിദ്യാർഥികളും ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സൂപ്പർവൈസർമാർക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ രജിസ്ട്രാറും വൈസ് ചാൻസലറും തൊഴിലാളികളുമായി സംസാരിച്ചു. ഇതിനുപിന്നാലെ സൂപ്പർവൈസർമാരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി ഇവരെ പോലീസിന് കൈമാറുകയുംചെയ്തു. സംഭവത്തിൽ ഹരിയാന വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു.
 
			

































 
                                






 
							






