ന്യൂഡൽഹി: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. എപ്സ്റ്റീനുമായി ഇ മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് ആരോപിച്ചു.
മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും തമ്മിൽ 2014 നും 2017 നും ഇടയിലാണ് 62 മെയിലുകൾ കൈമാറിയത്. പുരി 32 മെയിലും എപ്സ്റ്റീൻ 30 മെയിലുമാണ് അയച്ചിട്ടുള്ളത്.
ഇതിനു പുറമെ 2014 ജൂൺ 5,6,8,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിൽ നേരിട്ടുകണ്ടു. ഇവർ എന്താണ് ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടു.
















































