ബുലവായോ: അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ വാശിയേറിയ മത്സരത്തിൽ ബംഗ്ലാദേശിൽ നിന്ന് വിജയം പിടിച്ചുവാങ്ങി ഇന്ത്യ. 18 റൺസിനാണ് ഇന്ത്യയുടെ ജയം. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിൽ പുതുക്കി നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ബംഗ്ലാദേശിനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.4 ഓവറിൽ 238 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 28.3 ഓവറിൽ 146 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും അഭിഗ്യാനും അർധ സെഞ്ചുറി നേടി. ബംഗ്ലാദേശിന്റെ അൽ ഫഹദ് അഞ്ച് പേരെ പുറത്താക്കി മത്സരത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. ഇന്ത്യയുടെ വിഹാൻ മൽഹോത്രയ്ക്ക് നാലുവിക്കറ്റുകളുണ്ട്. തുടക്കം മുതൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്ന മത്സരത്തിൽ കൂറ്റടിക്കു മുതിരാതെയായിരുന്നു വൈഭവിന്റെ അർദ്ധ സെഞ്ചുറി.
മത്സരം മഴയെത്തുടർന്ന് തടസപ്പെട്ടതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ഡക്ക്വർത്ത് ലൂയിസ് (DLS) നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതിയ ലക്ഷ്യം. നേരത്തേയും മഴയെത്തിയിരുന്നതിനാൽ 49 ഓവറാക്കി ചുരുക്കിയിരുന്നു. ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് വീണ്ടും മഴയെത്തിയത്. തുടർന്ന് 29 ഓവറിൽ 165 റൺസാക്കി ലക്ഷ്യം. 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ, 75 റൺസ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ. എന്നാൽ പിന്നീടുള്ള 40 റൺസിനിടെ ബംഗ്ലാദേശിന്റെ എട്ട് വിക്കറ്റുകൾ പിഴുത് ഇന്ത്യ മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഒരുഘട്ടത്തിൽ 106-ന് രണ്ട് എന്ന നിലയിൽ ശക്തമായ ബംഗ്ലാദേശിനെയാണ് ഇന്ത്യൻ ബൗളർമാർ എറിഞ്ഞുപിടിച്ചത്.
51 റൺസെടുത്ത ക്യാപ്റ്റൻ അസീസുൽ ഹകീം തമീം ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. 72 പന്തിൽനിന്ന് നാലു ഫോറും ഒരു സിക്സും ഉൾപ്പെടെയാണിത്. നാലോവറിൽ 14 റൺസ് വഴങ്ങിയാണ് വിഹാൻ ഇന്ത്യക്കായി നാലുവിക്കറ്റ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 14- കാരനായ വൈഭവ് സൂര്യവംശിയുടെയും (72), വിക്കറ്റ് കീപ്പർ അഭിഗ്യാന്റേയും (80) അർധ സെഞ്ചുറി മികവിൽ 238 റൺസ് നേടിയിരുന്നു. 67 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 72 റൺസാണ് വൈഭവ് നേടിയത്. 112 പന്തുകൾ നേരിട്ട് മൂന്ന് സിക്‌സും നാല് ഫോറും സഹിതം അഭിഗ്യാൻ 80 റൺസും നേടി. എന്നാൽ ഇന്ത്യൻ നിരയിൽ മറ്റുള്ളവരൊക്കെ നിരാശപ്പെടുത്തി. കനിഷ്‌ക് ചൗഹാൻ (28), ദീപേഷ് ദേവേന്ദ്രൻ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. എന്നാൽ തുടക്കത്തിൽ റൺസെടുക്കാൻ ബുദ്ധിമുട്ടിയ അഭിഗ്യാൻ ഒരു ഘട്ടത്തിൽ 32 പന്തിൽ 9 റൺസെന്ന നിലയിൽ പരുങ്ങിയിരുന്നു.
അതേസമയം അഞ്ചുവിക്കറ്റ് നേടിയ അൽ ഫഹദാണ് ഇന്ത്യയെ വൻ ടോട്ടലിലെത്താനാവാതെ പിടിച്ചുനിർത്തിയവരിലെ പ്രധാനി. 9.2 ഓവറിൽ 38 റൺസ് വഴങ്ങിയാണ് ഫഹദിന്റെ അഞ്ചുവിക്കറ്റ് നേട്ടം. ഇഖ്ബാൽ ഹൊസൈൻ ഇമോൻ, ക്യാപ്റ്റൻ അസീസുൽ ഹകീം തമീം എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി. മത്സരത്തിൽ ടോസിനിടെ ഇന്ത്യൻ നായകൻ ആയുഷ് മഹ്‌ത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാറും പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല. ബംഗ്ലാദേശ് നിരയിൽ ക്യാപ്റ്റൻ അസീസുൽ ഹഖ് ഉണ്ടായിട്ടും വൈസ് ക്യാപ്റ്റനായ അബ്രാറാണ് ടോസിനെത്തിയത്.














































