തൃശൂര്‍: യുവാവിനെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവുള്ളക്കാവ് സ്വദേശി നന്തിപുലം വീട്ടില്‍ യദുകൃഷ്ണന്‍ (27), ചേര്‍പ്പ് പടിഞ്ഞാറ്റുമുറി സ്വദേശി കിഴക്കൂടന്‍ വീട്ടില്‍ ആല്‍വിന്‍ (28) എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കാരഞ്ചിറ സ്വദേശി കവലക്കാട്ട് വീട്ടില്‍ ബിനു ജോസിനെയാണ് (35) പ്രതികള്‍ മര്‍ദ്ദിച്ചത്. തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ 1.30നാണ് സംഭവം.
തൃശൂര്‍ പൂരം കാണുന്നതിനായി ബിനു ജോസും രണ്ട് സുഹൃത്തുക്കളും തിരുവുള്ളക്കാവ് അമ്പലത്തിന്റെ സമീപത്തുള്ള ലോഡ്ജില്‍ റൂം എടുത്തിരുന്നു. അവിടെ നിന്ന് ബിനു ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയ സമയത്താണ് സമീപത്തുള്ള പറമ്പിലേക്ക് പ്രതികള്‍ ബിനുവിനെ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി കൈയ്യിലെ സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്. പ്രതികളുടെ പേരില്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ നേരത്തെയും ക്രിമിനല്‍ കേസുകളുണ്ട്.