പുണെ: ഐടി ജീവനക്കാരിയായ 22 വയസുകാരിയെ ബലമായി പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ഡെലിവറി ഏജൻറ് എന്ന വ്യാജേന എത്തിയ ആൾ അപ്പാർട്ട്മെൻറിലേക്കു ബലമായി കയറി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വീട്ടിലെത്തിയത് സുഹൃത്താണെന്നു കണ്ടെത്തി.
അതേസമയം ഇരുവരും ഇടയ്ക്കിടെ ഇവിടെവച്ചു കാണാറുണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവ ദിവസമായ ബുധനാഴ്ച ഫ്ലാറ്റിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ തയാറല്ലെന്നു പറഞ്ഞപ്പോൾ വീണ്ടും നി ർബന്ധിച്ചു. ഇതിൽ കലികയറിയ യുവതി, താൻ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീടു തെറ്റായ വിവരങ്ങൾ നൽകിയതായി യുവതിതന്നെ സമ്മതിച്ചിട്ടുണ്ടെന്നു പോലീസിനോട് വെളിപ്പെടുത്തി.
പീഡന പരാതിക്കൊപ്പം തെളിവായി ഇരുവരുമുള്ള ഒരു സെൽഫിയും യുവതി പോലീസിനു നൽകിയിരുന്നു. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ഇതെടുത്തതെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാൽ ഇതു യുവതി തന്നെ പകർത്തിയതാണെന്നും പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. അതുപോലെ അന്വേഷണത്തിൽ ഇരുവരുടെയും കുടുംബങ്ങൾക്ക് പരസ്പരം അറിയാമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച പുണെയിലെ കോണ്ട്വ പ്രദേശത്തെ ഫ്ലാറ്റിലായിരുന്നു സംഭവം. കല്യാണി നഗറിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയും സഹോദരനും 2022 മുതൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. സഹോദരൻ ജോലിക്കു പോയതിനെ തുടർന്ന് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ സമയത്തായിരുന്നു അതിക്രമമെന്ന് പോലീസ് പറയുന്നു.