തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ ചികിത്സയും നൽകിയിരുന്നെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്. മാത്രമല്ല പരിശോധനയ്ക്ക് എത്തുന്ന ഡോക്ടർമാർ എല്ലാ രോഗികളോടും രോഗവിവരങ്ങൾ വിശദീകരിക്കാറുണ്ടെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു.
നവംബർ ഒന്നിന് നെഞ്ചുവേദനയുമായാണ് വേണു കാഷ്വാലിറ്റിയിൽ വന്നത്. തുടർന്ന് കാർഡിയോളജി വിഭാഗത്തിൽ പരിശോധിച്ച് ഹൃദയാഘാതം ആണെന്നു സ്ഥിരീകരിച്ചു. തലേന്നാണ് രോഗിക്കു വേദന തുടങ്ങിയത്. പക്ഷെ 24 മണിക്കൂറിനു ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. നിലവിൽ ഹൃദയാഘാതത്തിനു രണ്ടു ചികിത്സയാണു കൊടുക്കുന്നത്. ഹൃദയധമനികളിലുള്ള തടസം അലിയിക്കുന്നതിനുള്ള ലൈറ്റിക് തെറപ്പിയും പ്രൈമറി ആൻജിയോപ്ലാസ്റ്റിയും. ബലൂൺ കടത്തി തടസം മാറ്റി അവിടെ സ്‌റ്റെന്റ് നിക്ഷേപിക്കുക. നെഞ്ചുവേദന വന്ന് 12 മണിക്കൂറിനുള്ളിൽ രോഗി എത്തിയാലാണ് ലൈറ്റിക് തെറപ്പി ചെയ്യുക. 24 മണിക്കൂറിനകം വന്നാലാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റ് നടത്തുക. ഈ രോഗി വന്നത് 24 മണിക്കൂറിനു ശേഷമായതു കൊണ്ട് ഈ രണ്ടു ചികിത്സാമാർഗങ്ങളും അനുയോജ്യമല്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് മറ്റു മരുന്നുകൾ നൽകുകയും ചെയ്തു. തുടർന്നു രോഗിയെ കാർഡിയോളജി വിഭാഗത്തിലേക്കു മാറ്റി.
ആരോഗ്യനില മെച്ചപ്പെട്ടു വരികയും ചെയ്തിരുന്നു. എന്നാൽ ദൗർഭാഗ്യകരമായി അഞ്ചാം തീയതി ഹൃദയത്തിനു വീണ്ടും തകരാർ സംഭവിക്കുകയും വെന്റിലേറ്ററിൽ ആക്കുകയും ചെയ്തു. പിന്നീട് രോഗി മരിച്ചു. ഹൃദയാഘാതത്തിന് എന്തു ചികിത്സ കൊടുത്താലും 10 മുതൽ 20 ശതമാനം വരെ രോഗികൾ മരിക്കും. ഇവിടെ ലഭ്യമായ എല്ലാ ചികിത്സയും രോഗിക്കു നൽകിയിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന മിക്ക രോഗികളും ഗുരുതരാവസ്ഥയിലാണ് ഇവിടെയെത്തുക. കിടക്കകൾ ഒഴിയുന്ന മുറയ്ക്ക് കിടക്ക നൽകുകയാണ് ചെയ്യുന്നത്. കിടക്കയിൽ കിടക്കുന്ന രോഗിയെ താഴെ കിടത്തിയിട്ട് മറ്റൊരാൾക്കു നൽകാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനിടെ ആശുപത്രിയുടെ അനാസ്ഥ മൂലമാണ് വേണു മരിച്ചതെന്നു കാട്ടി കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ആശുപത്രിയിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ചികിത്സ നൽകുന്നില്ലെന്ന് വേണു സുഹൃത്തിനു ശബ്ദസന്ദേശം അയച്ചിരുന്നു. ഇതു കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വേണു മരിക്കുകയും ചെയ്തു.

















































