ന്യൂയോർക്ക്: ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളുടെ ചിത്രം ചൂണ്ടിക്കാട്ടി രോഷാകുലനായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദൊഗാൻ. ഗാസയിലെ ദൈനംദിന ജീവിതം ഇങ്ങനെയാണ്. നിങ്ങളുടെ മനസാക്ഷിയെ മുൻനിർത്തി ഇനിയുള്ള ചോദ്യത്തിന് ഉത്തരം നൽകൂ. 2025ലെ ഈ ക്രൂരതയ്ക്ക് ന്യായമായ കാരണമുണ്ടോ? ഈ ചിത്രം ഗാസയെ തുറന്നുകാട്ടുന്നതാണ്.
23 മാസമായി ഇതാണ് ഗാസയിൽ നടക്കുന്നത്. ഏത് തരത്തിലുള്ള മനുഷ്യർക്കാണ് ഇത് സഹിക്കാൻ സാധിക്കുക? ഇതിനെതിരെ എങ്ങനെയാണ് ഒരാൾക്ക് മിണ്ടാതിരിക്കാൻ സാധിക്കുക? കുട്ടികൾ പട്ടിണി മൂലവും മരുന്നുകളുടെ അഭാവത്തിലും മരിച്ചു വീഴുന്ന ഈ ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാകുമോ? ഐക്യരാഷ്ട്ര സഭ ജനറൽ അസബ്ലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ഭക്ഷണത്തിന് വേണ്ടി പാത്രങ്ങൾ പിടിച്ച് നിൽക്കുന്നവരുടെ ചിത്രവും പോഷാകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ ചിത്രവും എർദൊഗാൻ ഉയർത്തിക്കാട്ടിയത്.
അതോടൊപ്പം ഐക്യരാഷ്ട്ര സഭയിൽ പലസ്തീൻ അധികൃതർക്ക് അമേരിക്ക വിസ നിഷേധിച്ചതിലും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദൊഗാൻ പ്രതിഷേധം രേഖപ്പെടുത്തി. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അടക്കമുള്ള അധികൃതർ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ എന്നിവർക്ക് അമേരിക്ക വിസ നിഷേധിച്ചതിനെതിരെ സംസാരിച്ചാണ് എർദൊഗാൻ ഐക്യരാഷ്ട്ര സഭ ജനറൽ അസബ്ലിയിൽ പ്രസംഗം ആരംഭിച്ചത്.
‘പലസ്തീനെ നിരവധി രാജ്യങ്ങൾ അംഗീകരിക്കുന്ന ഈ സമയത്ത് പലസ്തീൻ രാഷ്ട്രത്തിന്റെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ അസാന്നിധ്യത്തിൽ ഞാൻ ആദ്യം തന്നെ എന്റെ ഖേദം രേഖപ്പെടുത്തുന്നു. എന്റെ 8.6 കോടി ജനങ്ങൾക്ക് വേണ്ടിയും നിശബ്ദമായിപ്പോയ ഞങ്ങളുടെ പലസ്തീൻ സഹോദരീ സഹോദരൻമാർക്ക് വേണ്ടിയുമാണ് ഞാനിവിടെ നിൽക്കുന്നത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച എല്ലാ രാജ്യങ്ങളോടും ഞാൻ നന്ദി പറയുന്നു. അംഗീകരിക്കാത്ത രാജ്യങ്ങൾ എത്രയും പെട്ടെന്ന് പലസ്തീനെ അംഗീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു’, എർദൊഗാൻ പറഞ്ഞു.
അതുപോലെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 250ലധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി എർദോഗാൻ ചൂണ്ടിക്കാട്ടി. എന്നാൽ ഗാസയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ഇസ്രയേൽ അടച്ചെങ്കിലും അവർക്ക് വംശഹത്യ മറച്ച് വെക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വംശഹത്യയിലേക്ക് ഐക്യരാഷ്ട്ര സഭയുടെ മേധാവി അന്റോണിയോ ഗുട്ടറസ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെങ്കിലും സ്വന്തം ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കാൻ യുഎന്നിന് സാധിച്ചില്ലെന്നും എർദൊഗാൻ കൂട്ടിച്ചേർത്തു. ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് രക്ഷാപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും മാത്രമല്ല ആക്രമണം നടത്തിയതെന്നും സിറിയ, ഇറാൻ, യെമൻ, ലെബനൻ എന്നിവിടങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് എർദൊഗാൻ ചൂണ്ടിക്കാട്ടി. അടുത്തിടെ ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേൽ നേതൃത്വത്തിന് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടതായി ഖത്തറിലേക്കുള്ള ആക്രമണം തെളിയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.