വാഷിങ്ടൺ: ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴും ട്രംപ് തീരുമാനം പിൻവലിക്കും എന്ന പ്രതീക്ഷയിയിലാണ് വ്യവസായികൾ.
അതേ സമയം, ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യൻ എംബസി. വാഷിംഗ്ടണിൽ മുൻ ട്രംപ് ഉപദേശകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ലോബീയിങ് കമ്പനികളെ ചുമതലപ്പെടുത്തി. ഒരു കമ്പനിക്ക് 1.8 മില്യൻ ഡോളറിന്റെ വാർഷിക കരാർ ആണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ കമ്പനിക്ക് പ്രതിമാസം 75000 ഡോളറിന്റെ മൂന്ന് മാസത്തെ കരാർ ആണ് നൽകിയിരിക്കുന്നത്.
എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്കിയാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ പറഞ്ഞു. വിപണിയിലെ സാഹചര്യമാണ് ഇക്കാര്യത്തിൽ ഇന്ത്യ കണക്കിലെടുക്കുന്നതെന്നും വിനയ് കുമാർ. തീരുവയിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.