വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന ചൈനീസ് തീരുമാനം വന്നതിനു പിന്നാലെ അടുത്ത പ്രതികാര നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്ന് ട്രംപ് ട്രൂത്തിലൂടെ മുന്നറിയിപ്പ് നൽകി.
‘നമ്മുടെ സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുകയും ഇതിലൂടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ ആലോചനയിലാണ്. നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല’, ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
അതേസമയം യുഎസിൽ നിന്ന് ഏറ്റവും കൂടുതൽ സോയാബീൻ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. 2024-ൽ മാത്രം ഏകദേശം 12.8 ബില്യൺ ഡോളർ വിലമതിക്കുന്ന 27 ദശലക്ഷം മെട്രിക് ടൺ സോയയാണ് ചൈന ഇറക്കുമതി ചെയ്തത്. പക്ഷെ ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം മുറുകുന്നതിനാൽ മെയ് മാസത്തിനുശേഷം ചൈന സോയാബീൻ വാങ്ങിയിട്ടില്ല. മാത്രമല്ല ബ്രസീലിൽ നിന്ന് വലിയ അളവിൽ സോയാബീൻ വാങ്ങുനുള്ള തീരുമാനത്തിലാണ് ചൈന.