വാഷിങ്ടൺ: അമേരിക്ക നൽകിയിരിക്കുന്ന10 ദിവസത്തെ കാലാവധി നാളെ അവസാനിരിക്കെ ഇറാനുമേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അന്ത്യശാസനം. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇറാന് ട്രംപിന്റെ അന്ത്യശാസനമെത്തിയത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടിവരുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ‘ഇറാനു മേൽ നരകം പെയ്തിറങ്ങു’മെന്ന് ട്രംപ് ഭീഷണിമുഴക്കി. ഇതിനിടെ, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി അറിയിച്ചു.
എന്നാൽ, ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കും കൃത്യമായ പരിഹാരത്തിലേക്കും നയിക്കുന്നതാകണമെന്നാണ് ഇറാന്റെ നിലപാട്. ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾ പാക് വിദേശകാര്യ മന്ത്രാലയം തള്ളി. പാക്കിസ്ഥാനും ചൈനയും ഇറാനെ ചർച്ചകൾക്കായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.















































