വാഷിങ്ടൺ: ഇസ്രയേലുമായുള്ള വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം വളരെവേഗം സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. താൻ ആവശ്യപ്പെട്ടാൽ മധ്യേഷ്യയിലെ യുഎസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് സൈന്യവുമായി കടന്നുകയറുമെന്നും എന്നാൽ ഈ രാജ്യങ്ങളോട് ഇപ്പോൾ വേണ്ട എന്നാണ് താൻ പറഞ്ഞിരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ ഭീഷണി.
മാത്രമല്ല യുഎസുമായുള്ള കരാർ ലംഘിച്ച് ഹമാസ് പ്രവർത്തിക്കുകയാണെങ്കിൽ, തന്റെ അഭ്യർത്ഥന പ്രകാരം ശക്തമായ സൈന്യവുമായി ഗാസയിൽ പ്രവേശിച്ച് ഹമാസിനെ ഒതുക്കാൻ തയ്യാറാണെന്ന് മിഡിൽ ഈസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും അമേരിക്കയുടെ സഖ്യകക്ഷികളിൽ പലരും തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. മിഡിൽ ഈസ്റ്റിനോടുള്ള ഈ സ്‌നേഹവും ആവേശവും ആയിരം വർഷത്തിനിടയിൽ കണ്ടിട്ടില്ല! ഇത് കാണാൻ മനോഹരമായ ഒരു കാര്യമാണ്!- അദ്ദേഹം വ്യക്തമാക്കി.
തനിക്കു ഇപ്പോഴും ഹമാസ് ശരിയായത് ചെയ്യും എന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്, എങ്കിലും അവർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അന്ത്യം വേഗതയിലും രൂക്ഷവും ക്രൂരവുമായ രീതിയിൽ സംഭവിക്കുമെന്നും ട്രംപ് കുറിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചാൽ അവരെ ‘വേരോടെ പിഴുതെറിയുമെന്ന്’ അദ്ദേഹം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് വന്നത്.
ഇതിനിടെ, പലസ്തീൻ ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഗാസയിൽ നിരവധിയിടങ്ങളിൽ ഇസ്രായേൽ സൈന്യം ബോംബുകൾ വർഷിച്ചു. ഗാസയിൽ 153 ടൺ ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. ഗാസയിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്നാൽ സൈനികരുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നു ഹമാസ് വ്യക്തമാക്കി.