തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് തങ്ങളുടെ തന്ത്രപരമായി നീക്കമെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണിതെന്നാണ് വി ശിവൻകുട്ടി പറയുന്നു. അതേസമയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുളള ഒരു നീക്കവും സർക്കാർ അനുവദിക്കില്ലെന്നും കുട്ടികൾക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വി ശിവൻകുട്ടി വിശദീകരിച്ചു.
‘പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു കേന്ദ്രസർക്കാർ. 2023-24 വർഷം കേരളത്തിന് നഷ്ടമായത് 188 കോടി 88 ലക്ഷം രൂപയാണ്. 2024-25 വർഷത്തെ കുടിശ്ശിക 513 കോടി 54 ലക്ഷം രൂപയും. 2025-26 വർഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന 456 കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവച്ചു. ആകെ 1158 കോടി 13 ലക്ഷം രൂപയാണ് നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടുവർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1476 കോടി 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നത്. നിലവിൽ കേന്ദ്രം സമഗ്ര ശിക്ഷയ്ക്ക് നൽകാമെന്ന് ധാരണയായത് 971 കോടി രൂപയാണ്’- വി ശിവൻകുട്ടി പറഞ്ഞു.
അതുപോലെ കേന്ദ്രത്തിന്റെ നടപടി പൊതു വിദ്യാലയങ്ങളിലെ നാൽപ്പത് ലക്ഷത്തോളം വരുന്ന പാർശ്വവൽകൃത വിഭാഗങ്ങളിൽനിന്നുളള കുട്ടികളെയാണ് നേരിട്ട് ബാധിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള കുട്ടികളെയും ഒരു ലക്ഷത്തിലധികം ഭിന്നശേഷിയുളള കുട്ടികളെയും ഈ ഫണ്ടിന്റെ അഭാവം ബാധിക്കുന്നുണ്ട്. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാൻ കേരളം തയ്യാറല്ല. ഈ ഫണ്ട് ഏതെങ്കിലും പാർട്ടിയുടെ ഔദാര്യവുമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിയിൽ നിന്നുളള നമ്മുടെ കുട്ടികളുടെ അവകാശമാണ്. അത് നേടിയെടുക്കുക എന്നതാണ് ജനകീയ സർക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി വിശദീകരിക്കുന്നു.
അതേസമയം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2022 ഒക്ടോബർ മുതൽ സമഗ്ര ശിക്ഷാ പദ്ധതിയെ എൻഇപി നടപ്പാക്കാനുളള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2023 വരെ ഫണ്ട് വാങ്ങുമ്പോഴും കേരളം സംസ്ഥാന താൽപര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ തയ്യാറാക്കിയതെന്നും അതുതന്നെയാണ് ഇപ്പോഴും തുടരുന്നത്.
‘ഉന്നത വിദ്യാഭ്യാസ വകുപ്പ് പിഎം ഉഷ പദ്ധതിയിൽ ഒപ്പിട്ടതും എൻഇപി നടപ്പാക്കാമെന്ന വ്യവസ്ഥയിലാണ്. പക്ഷെ നടപ്പാക്കുന്നത് നമ്മുടെ കാഴ്ച്ചപ്പാടാണ്. കേന്ദ്രനയം 30 ശതമാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. പാഠ്യപദ്ധതിയുടെ വർഗീയവത്കരണത്തിന് നിന്നുകൊടുക്കാൻ സംസ്ഥാനം തയ്യാറായിട്ടില്ല. കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരളം തന്നെയാകും. എൻഇപി വന്നതിന് ശേഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാമൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് നാം പരിഷ്‌കരിച്ച് നടപ്പാക്കിയത്. എൻസിഇആർടി വെട്ടിമാറ്റിയ ഗാന്ധിവധവും മുഗൾ ചരിത്രവുമുൾപ്പെടെ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിച്ച് പരീക്ഷയെഴുതിച്ച സംസ്ഥാനമാണ് കേരളം. അതുതന്നെയാകും കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടരുക’: വി ശിവൻകുട്ടി വ്യക്തമാക്കി.
ഫെഡറൽ തത്വങ്ങൾ അടിയറവുവെച്ചു എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘ഫെഡറൽ തത്വങ്ങൾക്ക് വേണ്ടിയുളള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഡൽഹിയിൽ ചേർന്ന എൻസിഇആർടി ജനറൽ ബോഡി യോഗത്തിൽ 20 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുണ്ടായിരുന്നു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് കേരളം മാത്രമാണ്. ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്നത് കേന്ദ്രമാണ്. അതിനെ അതിജീവിച്ച് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുകയാണ് കേരളം ചെയ്യുന്നത്. പിഎം എന്ന് പദ്ധതിയിൽ കണ്ടാൽ ഉടൻ തന്നെ കോടിക്കണക്കിന് രൂപ വരുന്ന ഫണ്ട് വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല. 82 കേന്ദ്ര പദ്ധതികളിൽ 17 എണ്ണം പിഎം എന്ന് തുടങ്ങുന്നവയാണ്. ഇതൊക്കെ സാങ്കേതികം മാത്രമാണ്. അതിന്റെ പേരിൽ കുട്ടികളുടെ അവകാശം നിഷേധിക്കുന്നത് തെറ്റാണ്. ആർഎസ്എസ് അജണ്ടകൾ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുളള കേന്ദ്രനീക്കത്തിനെതിരായ പോരാട്ടം കേരളം തുടരുക തന്നെ ചെയ്യും’- വി ശിവൻകുട്ടി വിശദീകരിച്ചു.
















































