ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളത് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെന്ന് റിപ്പോര്‍ട്ട്. ആഗോള ഡേറ്റിങ് പ്ലാറ്റ്‍ഫോം ആയ ആഷ്ലി മാഡിസന്‍ പുറത്തുവിട്ട കണക്കാണിത്. ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളിൽ കയറുന്നവരുടെ എണ്ണം ഉപയോഗിച്ചും സര്‍വേകളിലൂടെയുമാണു പഠനം നടത്തിയത്.
ജൂണിലെ പുതിയ ഉപയോക്താക്കളുടെ കണക്കും ഡേറ്റിങ് പ്ലാറ്റ്‍ഫോം പുറത്തുവിട്ടിട്ടുണ്ട്. കാഞ്ചീപുരം കഴിഞ്ഞാൽ സെന്‍ട്രൽ ഡൽഹിയിൽനിന്നാണ് ഏറ്റവുമധികം ആളുകള്‍ ഡേറ്റിങ് ആപ്പില്‍ കയറിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 17–ാം സ്ഥാനത്തായിരുന്നു കാഞ്ചീപുരം. മെട്രോ നഗരങ്ങളെ പിന്നിലാക്കി ടയർ-2, ടയർ-3 നഗരങ്ങളിലേക്ക് ഇത്തരം ഡേറ്റിങ് ആപ്പുകൾ ഇറങ്ങിച്ചെല്ലുകയാണെന്നതിന്റെ തെളിവാണിത്.
വിവാഹബന്ധത്തിനു പുറത്ത് പങ്കാളികളെ തേടുന്നവരുടെ എണ്ണത്തില്‍ മെട്രോനഗരങ്ങളില്‍ ഡല്‍ഹിയിലെ ഒന്‍പത് സ്ഥലങ്ങളാണു മുന്നിട്ടു നില്‍ക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്, സൗത്ത് വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവയ്ക്കു പുറമെ ഗുരുഗ്രാം, ഗാസിയബാദ്, നോയിഡ എന്നിവയും പട്ടികയിലുണ്ട്. ആദ്യ 20 നഗരങ്ങളുടെ പട്ടികയിലെങ്ങും മുംബൈ ഇടംപിടിച്ചിട്ടില്ല. അതേസമയം, ജയ്പുര്‍, റായ്ഗഡ്, കാംരൂപ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും വിവാഹിതരായ ഡേറ്റിങ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ പുറത്തുവന്ന കണക്കുകള്‍ സമൂഹത്തിലെ വലിയ മാറ്റമാണ് കാണിക്കുന്നതെന്നും ഒറ്റപ്പങ്കാളിയെന്ന രീതിയില്‍നിന്നു നിരവധിപ്പേര്‍ മാറിച്ചിന്തിക്കുന്നുവെന്ന് വേണം അനുമാനിക്കാനെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹതേര ബന്ധമുണ്ടെന്ന് സമ്മതിക്കുന്നവരുടെ എണ്ണം ഇന്ത്യയിലു ബ്രസീലിലും വര്‍ധിക്കുകയാണെന്ന് ഏപ്രിലില്‍ ആഷ്ലി മാഡിസന്‍ പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 53% ഇന്ത്യക്കാരും അവര്‍ക്കു വിവാഹേതര ബന്ധമുണ്ടെന്നു വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
‘ലൈഫ് ഈസ് ഷോര്‍ട്ട്, ഹാവ് ആന്‍ അഫയര്‍’ എന്ന ടാഗ്ലൈനോടെ 2000ത്തിന്‍റെ തുടക്കത്തിലാണ് ആഷ്ലി മാഡിസന്‍ സ്ഥാപിക്കപ്പെട്ടത്. കനേഡിയന്‍ കമ്പനിയുടെ പ്ലാറ്റ്‌ഫോം അതിവേഗത്തില്‍ വളരുകയും ചെയ്തു. എന്നാല്‍ 37 ദശലക്ഷം ഉപയോക്താക്കളുടെ പേരുവിവരങ്ങള്‍ ചോര്‍ന്നതോടെ 2015ല്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമിന് വലിയ തിരിച്ചടിയായിരുന്നു.