തിരുവനന്തപുരം: ഒരു സ്വതന്ത്രനെയെങ്കിലും കയ്യിൽ കിട്ടിയില്ലെങ്കിൽ പണി പാളും….കേവല ഭൂരിപക്ഷം തികയ്ക്കാൻ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവർക്കു പിന്നാലെ ബിജെപി. ഇനി വോട്ടെടുപ്പ് നടത്താനുള്ള വിഴിഞ്ഞം ബിജെപിക്കു ഒട്ടും പ്രതീക്ഷയില്ലാത്ത വാർഡ് ആണ്. ഇതോടെ കർണാടകയിൽ ബിജെപി പരീക്ഷിച്ച് വിജയിച്ച തന്ത്രം മറുപക്ഷം എടുത്തുപ്രയോഗിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. സ്വതന്ത്രരിൽ ഒരാളെ മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ച ശേഷം എൽഡിഎഫും യുഡിഎഫും പുറത്തു നിന്നു പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാൻ നിലവിലെ സാഹചര്യത്തിൽ ബിജെപി തയാറാകില്ല.
അതിനാൽ രണ്ട് സ്വതന്ത്രരിൽ ഒരാളെയെങ്കിലും ഒപ്പം കൂട്ടാനാണു ബിജെപിയുടെ പരിശ്രമം. ഇതിന്റെ ഭാഗമായി ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചർച്ച നടത്തി. അതേസമയം, പാർട്ടി വിമതനായാണു മത്സരിച്ചതെങ്കിലും പൗണ്ട് കടവ് വാർഡിൽ വിജയിച്ച എസ്. സുധീഷ് കുമാറിനെ ഒപ്പം കൂട്ടാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കണ്ണമ്മൂല വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണനാണ് രണ്ടാമൻ. ഇയാളുമായി ബിജെപിയും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയ 100 ൽ 50 വാർഡ് ബിജെപി നേടി. എൽഡിഎഫ് 29, യുഡിഎഫ് 19 വീതം സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബിജെപിക്ക് കോർപറേഷൻ ഭരിക്കാം. എന്നാൽ കേവല ഭൂരിപക്ഷനു വേണ്ട ആ ഒന്ന് ബിജെപിക്ക് കല്ലുകടിയായി മുന്നിലുണ്ട്. അതിനാൽ അംഗ സംഖ്യ 51 ആക്കാൻ സ്വതന്ത്രരുടെ പിന്തുണയ്ക്കുള്ള ശ്രമവും നടക്കുന്നുണ്ട്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടു ദ്രുവങ്ങളിൽ നിൽക്കുന്ന എൽഡിഎഫും യുഡിഎഫും ഒരുമിക്കാൻ സാധ്യതയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾ ഇരു മുന്നണികൾക്കും പിന്തുണ നൽകിയാൽ തിരിച്ചടിച്ചേക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളെ മേയർ സ്ഥാനത്തു നിർത്തി പുറത്തു നിന്ന് പിന്തുണ നൽകിയാൽ എൽഡിഎഫ്– യുഡിഎഫ് കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായി ഉന്നയിക്കാനും കഴിയില്ലതാനും.
ബിജെപിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനും കരമന അജിത്തിനുമാണ് മേയർ സ്ഥാനത്തേക്ക് മുൻഗണന. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും അഭിപ്രായം തേടിയ ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. മുൻ ഡിജിപി ആർ. ശ്രീലേഖയും പരിഗണനയിലുണ്ടെങ്കിലും ഡപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണമായതിനാൽ രണ്ട് സുപ്രധാന തസ്തികകളിലേക്കും വനിതകൾക്ക് അവസരം കൊടുക്കുമോയെന്നതും കേന്ദ്ര തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതേസമയം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും അറിയിച്ചുകഴിഞ്ഞു.



















































