തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്നും ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് ഉത്തരവാദിയെന്ന തരത്തിലാണ് മുന്‍പ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്ന് അദ്ദേഹം ചോദിച്ചു. പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഐഎമ്മിന് അറിയാമായിരുന്നു. മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നാണ് കരുതുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി വാസവന്റെ പങ്കും സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് തിരിച്ചടിയല്ല എന്ന് പറയാന്‍ എം വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും ഗോവിന്ദന്റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്‍ ദേവസ്വം അധ്യക്ഷന്മാര്‍ അറസ്റ്റിലായത് സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പ് കാലത്ത് യുവതി പ്രവേശനവുമായി ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് വിശ്വാസി സമൂഹത്തോടൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇടതുപക്ഷത്തിന് സ്വര്‍ണക്കവര്‍ച്ചാ കേസ് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് ദേവസ്വം വകുപ്പും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് സ്വീകരിച്ചുവെങ്കിലും അറസ്റ്റ് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണതട്ടിപ്പ് വിവാദം രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രിയുടെ ആരോപണം. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെ കരിതേച്ചുകാണിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതോടെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ പുറത്തുവരികയായിരുന്നു.



















































