തിരുവനന്തപുരം: തിരുവിതാംകൂറിലെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിനെക്കുറിച്ച് ഡോ.എം ജി ശശിഭൂഷണിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന്‍ കൂടിയായ ശശിഭൂഷണ്‍ പുറത്തിറക്കിയ പുസ്‌കത്തില്‍ പറയുന്നു. മാതൃഭൂമി ബുക്‌സ് കഴിഞ്ഞ മാസം പുറത്തിറക്കിയ ‘മാഞ്ഞുപോയ ശംഖുമുദ്ര’ എന്ന പുസ്തകത്തിന്റെ 132-ാം പേജിലാണ് ഇക്കാര്യമുള്ളത്.
രാജമാതാവിന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് വിവാഹം ചെയ്യാതിരുന്നതെന്നും അവിവാഹിതനായി തുടരുന്നതില്‍ മഹാരാജാവിന് മനോവിഷമം ഉണ്ടായിരുന്നുമെല്ലാം പുസ്തകത്തില്‍ പറയുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ‘കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാര്‍ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടില്‍ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചതെന്നും ഇതില്‍ പറയുന്നു. ”ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു”, എന്നും ഡോ.ശശിഭൂഷണ്‍ എഴുതിയിരിക്കുന്നു. തിരുവനന്തപുരത്തുകാര്‍ മാത്രമല്ല കേരളം മുഴുവന്‍ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാര്‍ത്തയോട് കവടിയാര്‍ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ”ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോള്‍ ചിത്തിര തിരുനാളും പുനര്‍ നിര്‍ണ്ണയിക്കപ്പെടാം”, എന്ന അത്യന്തം ഗൗരവമായ ആരോപണവും പുസ്തകത്തില്‍ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് അതീവ സംഭ്രമജനകമായ തുറന്നെഴുത്ത് എഴുത്തുകാരന്‍ നടത്തുന്നത്. രാജാവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ഒരു ചരിത്രകാരന്‍ തുറന്നെഴുതുന്നത് ഇത് ആദ്യമായാണ്.
ചരിത്രവും വാര്‍ത്തകളും ഉറ്റുനോക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ എന്നെങ്കിലും തുറന്ന് കണക്കെടുപ്പ് നടക്കുന്ന സമയത്ത് ചിത്തിര തിരുനാളും പുനര്‍ നിര്‍ണ്ണയിക്കപ്പെടാം എന്ന വെളിപ്പെടുത്തലും പുസ്തകത്തില്‍ നടത്തിയിരിക്കുന്നു.
ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ ലണ്ടനിലെ ഒരുസംഘം ക്രൈസ്തവ ഗ്രൂപ്പുകള്‍ 1934-37 കാലത്ത് ശ്രമിച്ചിരുന്നതായും പുസ്തകത്തില്‍ ശശിഭൂഷണ്‍ എഴുതിയിട്ടുണ്ട്. ‘ബഞ്ചമിന്‍ ബാലരാമവര്‍മ്മ’ എന്നായിരുന്നു ആ പദ്ധതിക്കിട്ട കോഡ് നാമം എന്നും പറയുന്നു. തിരുവനന്തപുരത്തെ പ്രമുഖ ക്രിസ്ത്യന്‍ ഗ്രൂപ്പായ സാല്‍വേഷന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു ‘ബഞ്ചമിന്‍ ബാലരാവര്‍മ്മ’ പദ്ധതി ആവിഷ്‌കരിച്ചതെന്നും ഈ നീക്കം പൊളിച്ചത് അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
”മതം മാറിക്കഴിഞ്ഞാലും നാണയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ബി ആര്‍ വി മുദ്രകള്‍ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ചിത്തിര തിരുനാളിന് സാല്‍വേഷന്‍ ആര്‍മി, ബഞ്ചമിന്‍ ബാലരാമവര്‍മ്മ എന്ന സാങ്കല്പിക നാമം നിര്‍ദേശിച്ചത്’ എന്നാണ് ഡോ ശശി ഭൂഷണ്‍ ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചരിത്രപരമായ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദം സൃഷ്ടിക്കാനിടയുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് ‘മാഞ്ഞുപോയ ശംഖുമുദ്ര’ പുറത്തിറങ്ങിയത്.
Summary: The king’s secret affair has become controversial