വിളവൂർക്കൽ: സുഹൃത്തുക്കളെ വീഡിയോ പങ്കുവെച്ച് ആത്മഹത്യാവിവരമറിയിച്ച ഹോട്ടൽ ഉടമ വീട്ടിലെ കാർപോർച്ചിൽ തൂങ്ങിമരിച്ചു. മലയിൻകീഴ് തച്ചോട്ടുകാവിൽ തച്ചോട്ട് റസ്റ്ററന്റ് ഉടമ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസ് പാലാഴിയിൽ പ്രദീപ്(44) ആണ് മരിച്ചത്. അഞ്ചു വർഷത്തോളമായി ഹോട്ടൽ, സൂപ്പർമാർക്കറ്റ് എന്നീ സംരംഭങ്ങൾ നടത്തുകയായിരുന്നു. ആദ്യ ഭാര്യയുമായി അകന്നുകഴിയുന്ന പ്രദീപ് പിന്നീട് മറ്റൊരു സ്ത്രീയോടൊപ്പം കഴിയുകയായിരുന്നു.
രണ്ടുമാസം മുൻപ് കാലൊടിഞ്ഞ് ചികിത്സയിലിരിക്കേ പ്രദീപ് അവരുമായി പിണങ്ങി. തുടർന്ന് ഒന്നരമാസത്തോളം തനിച്ച് കഴിയുകയായിരുന്നു. മരണത്തിനുപിന്നിൽ രണ്ടാം ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. രാത്രി വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും വെളുപ്പിന് അഞ്ചു മണിയോടെയാണ് സുഹൃത്ത് ഇത് കാണുന്നത്.
ഉടൻ പോലീസിനെ വിവരമറിയിക്കുകയും വീട്ടിലെത്തുകയും ചെയ്തപ്പോൾ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.














































