ന്യൂഡൽഹി: 87 പുതിയ ഹെവി-ഡ്യൂട്ടി സായുധ ഡ്രോണുകളും 110-ലധികം എയർ-ലോഞ്ച്ഡ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും അടക്കം പുത്തൻ ആയുധങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം. ഹെവി-ഡ്യൂട്ടി ആംഡ് ഡ്രോണുകളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യ പ്രധാനമായും ഉപയോഗിച്ചത്. ഇതടക്കം പുതിയ ആയുധങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പ്രാഥമിക അനുമതി നൽകി. 67,000 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ചൊവ്വാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ പ്രക്വേർമെന്റ് കൗൺസിൽ നിർദ്ദേശങ്ങൾ അംഗീകരിച്ചു. തെർമൽ ഇമേജർ അധിഷ്ഠിത ഡ്രൈവർ നൈറ്റ് സൈറ്റ് വാങ്ങുന്ന നിർദേശവും അംഗീകരിച്ചു.
ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി, കോംപാക്റ്റ് ഓട്ടോണമസ് സർഫസ് ക്രാഫ്റ്റ്, ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റം & ലോഞ്ചറുകൾ എന്നിവ വാങ്ങുന്നതിനും ബരാക്-1 പോയിന്റ് ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ നവീകരണത്തിനുമായി അനുമതി ലഭിച്ചു. കോംപാക്റ്റ് ഓട്ടോണമസ് സർഫസ് ക്രാഫ്റ്റ് വാങ്ങുന്നത് ഇന്ത്യൻ നാവികസേനയ്ക്ക് അന്തർവാഹിനി വിരുദ്ധ യുദ്ധ ദൗത്യങ്ങളിലെ ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള ഗുണകരമാകും.
ഇന്ത്യൻ വ്യോമസേനയ്ക്ക്, മൗണ്ടൻ റഡാറുകൾ വാങ്ങുന്നതിനും സ്പൈഡർ ആയുധ സംവിധാനത്തിന്റെ നവീകരണത്തിനുമുള്ള അനുമതി ലഭിച്ചു. 60% തദ്ദേശീയ പങ്കാളിത്തമുള്ള ഡ്രോണുകൾ നിർമ്മിക്കുന്നതിനായി ഒരു ഇന്ത്യൻ കമ്പനി ഒരു വിദേശ കമ്പനിയുമായി സഹകരിക്കും.
ഐഎസ്ആർ (ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം) ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുള്ള 87 ഡ്രോണുകൾക്ക് ഏകദേശം 20,000 കോടി രൂപ ചെലവാകും. 11,000 കോടി രൂപ 10 വർഷത്തേക്ക് ലോജിസ്റ്റിക്കലിനും മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. മെയ് 7-10 തീയതികളിലെ ഓപ്പറേഷൻ സിന്ദൂറിന് ഇസ്രായേലി നിർമിത ഹാരോപ്പ്, ഹാർപ്പി കാമികാസെ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസിൽ നിന്ന് 32,350 കോടി രൂപയ്ക്ക് ഓർഡർ ചെയ്ത 31 സായുധ MQ-9B ‘പ്രെഡേറ്റർ’ ഡ്രോണുകളേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നവയാണ് ഈ ഡ്രോണുകൾ. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന 110-ലധികം ബ്രഹ്മോസ് മിസൈലുകൾക്ക് ഏകദേശം 10,800 കോടി രൂപ വിലവരും. മാക് 2.8 വേഗതയിൽ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ പറക്കുന്ന 450 കിലോമീറ്റർ ദൂരമുള്ള മിസൈലുകൾ, ഏകദേശം 1,500 കിലോമീറ്റർ യുദ്ധ ദൂരമുള്ള സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച്, വമ്പൻ ആക്രമണങ്ങൾ നടത്താൻ കഴിയും.
എട്ട് ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റങ്ങൾക്കും പഴയ ഇന്ത്യൻ യുദ്ധക്കപ്പലുകൾക്കുള്ള ലംബ ലോഞ്ചറുകൾക്കും 650 കോടി രൂപ അനുവദിച്ചു. ഇതിനുപുറമെ, സി-17, സി-130ജെ ഫ്ലീറ്റുകളുടെ നിലനിൽപ്പിനും എസ്-400 ലോംഗ് റേഞ്ച് എയർ ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ സമഗ്ര വാർഷിക അറ്റകുറ്റപ്പണി കരാറിനും ഡിഎസി എഒഎൻ നൽകിയിട്ടുണ്ട്.