ടെൽഅവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പുതിയ റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് തീരുമാനം. യുദ്ധത്തിൽ പതിനായിരക്കണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. കനത്ത പട്ടിണിയിലാണ് ഗാസ.
മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനും ഇസ്രായേൽ പദ്ധതിയിടുന്നതായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ പദ്ധതികൾ അതിലേക്ക് എത്തുമോയെന്ന് വ്യക്തമല്ല. ഗാസയുടെ നിയന്ത്രണം പൂർണമായി കയ്യടക്കുന്നതിനോട് സൈന്യത്തിൽ വിയോജിപ്പുണ്ട്. ഈ നീക്കം ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിർക്കുന്നു.
എന്നാൽ ഗാസ പിടിച്ചെടുക്കാനുള്ള ഒരുക്കവുമായി നെതന്യാഹു സർക്കാർ മുന്നോട്ടുപോകവേ, സൈനികനടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായവോട്ടെടുപ്പുകൾ തുടങ്ങി. ഉടൻ വെടിനിർത്തൽ കരാറുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്നു വോട്ടെടുപ്പിൽ ആവശ്യമുയർന്നു. ഗാസയിൽ 24 മണിക്കൂറിനിടെ 5 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം193 ആയി. ഇതിൽ 96 പേർ കുട്ടികളാണ്. ഗാസയിലെ 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് യുഎന്നിന്റെ ഓഫിസ് ഫോർ കോഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു. പത്തിൽ ഒൻപതു കുടുംബങ്ങളും ഒരുനേരം ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്.
അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തെ ‘അട്ടിമറി’ എന്നാണ് ഹമാസ് നേതൃത്വം വിശേഷിപ്പിച്ചത്. ഗാസ പിടിച്ചെടുത്ത് അറബ് സേനകൾക്ക് കൈമാറുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെയാണ് ഹമാസ് ‘അട്ടിമറി’ എന്ന് വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ ഗാസ ഏറ്റെടുക്കുമെന്നും ഹമാസിനെ അവിടെനിന്നു നീക്കം ചെയ്യാനും, ജനങ്ങളെ ഗാസയിൽനിന്നു സ്വതന്ത്രരാക്കാനും തങ്ങൾ ഉദ്ദേശിക്കുന്നുവെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘‘വെടിനിർത്തൽ ചർച്ചകൾക്കിടെ ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവനയെ ‘അട്ടിമറി’ നീക്കമായാണ് കാണുന്നത്. തടവുകാരെ മോചിപ്പിക്കാനും തന്റെ വ്യക്തിപരമായ താൽപ്പര്യങ്ങള്‍ നടപ്പാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്.’’ – ഹമാസ് നേതൃത്വം പ്രസ്താവനയിലൂടെ പറഞ്ഞു. ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രയേലി ബന്ദികളിൽ ഭൂരിഭാഗവും വെടിനിർത്തലിലൂടെയോ മറ്റ് കരാറുകളിലൂടെയോ മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 50 പേർ ഗാസയിൽ തന്നെ തുടരുന്നതായാണ് റിപ്പോർട്ട്. ഇവരിൽ 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേൽ കണക്കാക്കുന്നത്.