ടെക്‌സാസ്: അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ കനത്ത കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
കനത്ത മഴയും ഇടിമിന്നിലും തുടരുന്നതിനാൽ പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും 160 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് മരണ സംഖ്യ ഉയർത്തുമെന്ന ആശങ്കയിലാണ് അധികൃതർ. ടെക്സസിലെ സ്വകാര്യ വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന 27 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഈ ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ൻ റാഗ്‌സ്‌ഡേൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ക്യാമ്പർമാരെയും ഇത് വരെ കണ്ടെത്താനായിട്ടില്ല.
പൊതു അവധി ദിവസമായ ജൂലൈ നാലിന് വെള്ളിയാഴ്ച പുലർച്ചെ പെയ്ത പേമാരിയിലാണ് ടെക്സാസിൽ പ്രളയക്കെടുതി ഉണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴയാണ്. മധ്യ ടെക്‌സാസിന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ ലഭിച്ചുവെന്ന് യുഎസ് കാലവസ്ഥാ വകുപ്പുകൾ വ്യക്തമാക്കി. അസാധാരണ മഴ നിരവധി മിന്നൽ പ്രളയങ്ങൾക്കിടയാക്കിയതാണ് ദുരന്തത്തിൻറെ വ്യാപ്തി കൂട്ടിയത്. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ 87 പേരാണ് മരിച്ചത്. – 56 മുതിർന്നവരും 31 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.