പയ്യന്നൂർ: തർക്കം തീർക്കാൻ വിളിച്ചുവരുത്തി പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
ഏതാനും ദിവസം മുൻപ് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രയ്ക്കിടെ അധ്യാപകൻ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നതാണ് പ്രശ്നത്തിനു തുടക്കം. പിന്നാലെ പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലിജോ ജോണും മറ്റുമൂന്ന് സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. വിനോദയാത്രക്കിടെയുണ്ടായ തർക്കമുണ്ടായതിലെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.
തങ്ങളെ നാലു പേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോൾ മർദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാർഥികളുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് ചൈൽഡ്ലൈന്റെ നിർദേശപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.



















































