ന്യൂഡൽഹി: എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’… ‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനികൾക്ക് സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ചിലതാണ് ഇത്. പലപ്പോഴും വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥിനികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും.
വിദ്യാർഥികളെ പ്രലോഭിപ്പിക്കാൻ ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ അവസാനത്തെ തുറുപ്പുചീട്ടായ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നുമുള്ള ഭീഷണിയെത്തും. വിദ്യാർഥികളെ അനുസരിപ്പിക്കാനും സ്വാമിയുടെ ഓഫറുകൾ വിശദീകരിക്കാനും ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരുമുണ്ട്. പലപ്പോഴും ഇവരാണ് കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൂടാതെ പതിവായി രാത്രികളിൽ ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇക്കാര്യം കാണിച്ചു പരാതിപ്പെടുമെന്നു പറഞ്ഞവരെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാ മൂടിക്കെട്ടിയിരുന്നത്. കൂടാതെ അവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വാർഡൻമാരെ ചോദ്യം ചെയ്ത പോലീസ് ചൈതന്യാനന്ദയുടെ അറസ്റ്റിനു ശേഷം അവർക്കെതിരെ കൂടുതൽ നടപടികളെടുക്കുമെന്നു പറഞ്ഞു.
62 വയസ്സുകാരനായ സ്വാമി 28ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പലതിന്റെയും അവതാരിക എഴുതിയിരിക്കുന്നതു പ്രമുഖരാണ്. ഇതിനിടെ മഠവുമായി ബന്ധപ്പെട്ട സ്വത്ത് തട്ടിപ്പിന്റെ പേരിൽ മഠം അധികൃതരും സ്വാമിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ജനവാസമേഖലയിൽനിന്നു മാറി സർക്കാർ സ്ഥാപനങ്ങൾക്കും സിആർപിഎഫ് കേന്ദ്രത്തിനുമിടയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. വലിയ മതിൽക്കെട്ടിനകത്ത് എന്തു നടന്നാലും പുറത്തറിയില്ല. ഇന്നലെ വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ അകത്തേക്കു കയറ്റിവിട്ടില്ല.
തടയാൻ ഗേറ്റിൽ ബൗൺസർമാരെയും നിയോഗിച്ചിരുന്നു. അതേസമയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാർക്കിങ് ഏരിയയിൽനിന്നു പൊലീസ് പിടിച്ചെടുത്ത കാറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നീല നിറത്തിലുള്ള നമ്പർപ്ലേറ്റായിരുന്നു പതിച്ചിരുന്നത്; നമ്പർ ‘39 യുഎൻ 1’ എന്നും. കാറിൽനിന്നു മറ്റ് എംബസികളുടെ പേരിലുള്ള നയതന്ത്ര നമ്പർപ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് ചൈതന്യാനന്ദ സ്ഥിരമായി സഞ്ചരിച്ചിരുന്നതെന്നാണു വിവരം. അതേസമയം സമാന രീതിയിൽ സ്വാമിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.