ബംഗളൂരു: ബലഞ്ജെ ഗ്രാമത്തിൽ സ്കൂൾ വിദ്യാര്‍ഥികളെ വിനോദയാത്രക്ക് കൊണ്ടുപോയത് തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും. സംഭവം വിവാദമായതോടെ സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 11നാണ് സംഭവം. ബലഞ്ജെയിലെ സര്‍ക്കാര്‍ ഹയർ പ്രൈമറി സ്കൂളിന്റെ ഇൻ-ചാർജ് ഹെഡ്മാസ്റ്ററായ കിരൺ കുട്ടികളെ നൽകൂറിനടുത്തുള്ള തേനീച്ച വളര്‍ത്തൽ ഫാമിലേക്ക് കൊണ്ടുപോയതാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രോഷത്തിനിടയാക്കിയത്.
പൊരിവെയിലത്ത് കുട്ടികൾ ചരക്ക് വാഹനങ്ങളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികൾ ടിപ്പറിലും ട്രക്കിലും കയറുന്നതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. എഴുപതോളം കുട്ടികളും ഏതാനും അധ്യാപകരുമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ അതേ വാഹനങ്ങളിൽ തന്നെയാണ് സ്കൂളിൽ തിരിച്ചെത്തിയത്. കുട്ടികളെ സൗജന്യമായി ഫാമിലേക്ക് കൊണ്ടുപോകാൻ ചില പൂർവ വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തതായും മാതാപിതാക്കൾ സമ്മതം നൽകിയതായും പ്രധാനാധ്യാപകൻ അവകാശപ്പെട്ടതായി ബിഇഒ പറഞ്ഞു.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അലസമായിട്ടാണ് പഠനയാത്ര സംഘടിപ്പിച്ചതെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. ഇത്രയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കുട്ടികളെ യാത്ര ചെയ്യാൻ സ്കൂൾ അധികാരികൾ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ചു.വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണ കന്നഡ ഡിഡിപിഐ ജി എസ് ശശിധർ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു.
















































