ടീമിന്റെ ബാറ്റിംഗിനെക്കുറിച്ചു ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു ചൂടായി കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ്. ആര്‍സിബിക്കെതിരേ 50 റണ്‍സിന്റെ തോല്‍വിയോടെ ടീം പ്രതിരോധത്തിലായിരുന്നു. വെടിക്കെട്ടു ബാറ്റിംഗ് അറിയാവുന്ന ധോണിയെ വാലറ്റക്കാരനാക്കിയതും ടീം മൊത്തത്തില്‍ സ്‌കോര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ ടീമിനെതിരേ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
2008 നുശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ പരാജയമാണു ചെന്നൈ ഏറ്റുവാങ്ങിയത്. എല്ലാ ബാറ്റ്‌സ്മാന്‍മാരും ആദ്യ ബോള്‍ മുതല്‍ പിഴവുകളോടെയാണു കളിച്ചത്. മറ്റു ടീമുകള്‍ 200നും 250നും മുകളില്‍ റണ്‍സ് ലക്ഷ്യമിടുമ്പോള്‍ ചെന്നൈ ചുവടുറപ്പിച്ചു കളിക്കുന്ന പഴയ ശീലത്തില്‍നിന്നു മാറിയിട്ടില്ല.
മുംബൈ ഇന്ത്യന്‍സിനെതിരേ 156 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ഈ തന്ത്രം വിജയിച്ചെങ്കിലും ആര്‍സിബിയുടെ 196 റണ്‍സിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല. റണ്‍റേറ്റ് സൂക്ഷിക്കാനോ ആദ്യ വിക്കറ്റുകള്‍ സംരക്ഷിക്കാനോ കഴിഞ്ഞില്ല.
ടീമിന്റെ ബാറ്റിംഗ് രീതിയെക്കുറിച്ചു ചോദിച്ചപ്പോഴാണു ഫ്‌ളെമിംഗിന്റെ പിടിവിട്ടു പോയത്. ആദ്യ കളിയില്‍ നിങ്ങള്‍ക്ക് 156 റണ്‍സ് ചേസ് ചെയ്യാന്‍ കഴിഞ്ഞു. ഇന്നലെ 146 റണ്‍സില്‍ കളി കഴിഞ്ഞു. ഇതാണു നിങ്ങളുടെ രീതിയെന്നു മനസിലായി. പക്ഷേ, ഇതിന്റെ കാലം കഴിഞ്ഞെന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.
‘എന്താണ് കളിയുടെ രീതിയെന്നാണു നിങ്ങള്‍ ഉദ്ദേശിക്കുന്നത്’ എന്നായിരുന്നു ഫ്‌ളെമിംഗിന്റെ മറുചോദ്യം. മറ്റു ടീമുകള്‍ 250 റണ്‍സ് നേടുന്നതിനെ ചൂണ്ടിക്കാട്ടിയതിനെയും രോഷത്തോടെയാണ് എതിര്‍ത്തത്. സിഎസ്‌കെയെ അളക്കാന്‍ നോക്കണ്ടന്നും ബാറ്റിംഗ് രീതി കാലഹരണപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ തീക്കാറ്റുപോലെ കളിക്കുന്നതിനെ കുറിച്ചാണു സംസാരിക്കുന്നത്. ഞങ്ങള്‍ അങ്ങനെതന്നെയാണു കളിച്ചത്. ആദ്യ ബോള്‍ മുതല്‍ അടിച്ചു കളിച്ചില്ല എന്നതാണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. ഭാഗ്യം ഞങ്ങള്‍ക്കൊപ്പമില്ലായിരുന്നു. അവസാനംവരെ കാത്തിരിക്കൂ, ആരാണ് ജയിക്കുന്നത് എന്ന് അപ്പോള്‍ അറിയാം- ഫ്‌ളെമിംഗ് പറഞ്ഞു.
നിങ്ങളെ അവമതിക്കാന്‍ പറഞ്ഞതല്ലെന്നു റിപ്പോര്‍ട്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും തരംതാഴ്ന്ന ചോദ്യങ്ങള്‍ പാടില്ലെന്നു രോഷത്തോടെ മറുപടി പറയുകയും ചെയ്തു. ഈ പിച്ചിനെ മനസിലാക്കാന്‍ ഏതാനും വര്‍ഷങ്ങളായിട്ടു ഞങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തോല്‍വി ഒരു പുതിയ കാര്യമല്ല. തുടര്‍ന്നുള്ള കളികളില്‍ പിച്ച് മനസിലാക്കി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.