കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്ര സ്ഥാാനാർഥിയായി മത്സരിക്കും. ശ്യാമളയെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ നേരത്തേ തന്നെ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ അതൊന്നും മുഖവിലയ്ക്കെടുക്കാതെ പാർട്ടി ശ്യാമളയെ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ടികെ. ഗോവിന്ദൻ പാർട്ടി വിടാൻ തീരുമാനിച്ചത്. നിലവിൽ ഹാൻഡ് വീവ് ചെയർമാനായ അദ്ദേഹം ജില്ലയിലെ മുതിർന്ന സിപിഎം നേതാവാണ്.
മൂന്നു തവണ എംഎൽഎയായി. നാലാമതും താനായിരിക്കണം എംഎൽഎ എന്നതിനാലാണ് എം.വി. ഗോവിന്ദൻ ഭാര്യയെ സ്ഥാനാർഥിയാക്കിയതെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. മൂന്നു തവണ എംഎൽഎആയ ശേഷം ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് താൽപര്യമില്ലെന്ന് എം.വി. ഗോവിന്ദനോട് പറഞ്ഞുവെന്നും ടി.കെ. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കും. കോൺഗ്രസ് ഉൾപ്പെടെ ആരുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. അവർ പിന്തുണയ്ക്കാൻ തയാറായാൽ സ്വീകരിക്കും. വർഗീയ ശക്തികളുടെ പിന്തുണ തേടില്ല. ചിലപ്പോൾ പാർലമെന്ററി വ്യാമോഹി എന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞേക്കും. 75 വയസിനിടെ ഇന്ന് വരെ ഒരു സ്ഥാനവും മോഹിച്ച് ഒരു നേതാവിന്റെയും അടുത്തും പോയിട്ടില്ല. ഗോവിന്ദന്റെ ഭാര്യയെക്കാൾ യോഗ്യരായ എത്രയോ പേർ മണ്ഡലത്തിലുണ്ട്. ചർച്ചയിലുണ്ടായിരുന്ന എൻ. സുകന്യയുടെ പേര് സെക്രട്ടേറിയറ്റിലേക്ക് പോയില്ല. ശ്യാമളയുടെ പേര് മാത്രമാണ് പോയത്.
അതുപോലെ കെ.കെ. ശൈലജയെ പേരാവൂരിലേക്ക് കൊണ്ടുപോയതിന് പാർട്ടി ഉത്തരം നൽകണം. വീണ്ടും മത്സരിക്കുന്നെങ്കിൽ മട്ടന്നൂർ തന്നെ പോരായിരുന്നോ?. ഈ പ്രായത്തിലാണോ ശൈലജയെ മണ്ഡലം പിടിച്ചെടുക്കാൻ പേരാവൂരിലേക്ക് വിടേണ്ടത്. ശൈലജയെ നിയമസഭയിൽ വേണമെങ്കിൽ മട്ടന്നൂരിൽ നിർത്തുമായിരുന്നു. ശൈലജയെ നാടു കടത്തുകയും തന്റെ ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്നും പറയുന്നതിൽ എന്ത് നീതിയാണ്. പിണറായിയുടെ കരുത്താണ് പാർട്ടിയെ നയിക്കുന്നത്. പിണറായി ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ താൻ ഏരിയ സെക്രട്ടറിയാണ്. പിണറായിയെപ്പോലയുള്ള നേതാവ് ഈ നീതികേടിന് എന്തിന് കൂട്ടു നിന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.












































