ന്യൂഡല്‍ഹി:ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും നടന്‍ സഹീര്‍ ഇക്ബാലിന്റെയും മിശ്രവിവാഹം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒരുഘട്ടത്തില്‍ ദമ്പതികള്‍ക്കെതിരേ അധിക്ഷേപങ്ങളുമുയര്‍ന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിലെ വിവാഹചിത്രങ്ങളുടെ കമന്റ് ബോക്‌സ് ഇരുവരും പൂട്ടി.
തന്റെ വിവാഹത്തെക്കുറിച്ചും കമന്റ് ബോക്‌സ് പൂട്ടിയതിനെക്കുറിച്ചും ഇപ്പോള്‍ മനസുതുറക്കുകയാണ് സൊനാക്ഷി. തങ്ങളുടെ ദാമ്പത്യത്തെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച വെറും ബഹളമാണെന്ന് നടി സോഹ അലി ഖാന് നല്‍കിയ അഭിമുഖത്തില്‍ സൊനാക്ഷി സിന്‍ഹ പറഞ്ഞു. ‘മിശ്രവിവാഹം നടത്തിയ ആദ്യത്തെ ആളല്ല ഞാന്‍. അവസാനത്തേതുമായിരിക്കില്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണത്.
അതില്‍ എനിക്കറിയാത്ത ആളുകള്‍ പോലും അഭിപ്രായം പറഞ്ഞു. ആ സമയത്തുതന്നെ അത് വെറും വിഡ്ഢിത്തമാണെന്ന് തോന്നിയിരുന്നു. ബാക്കിയുള്ള ജീവിതം ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത് ഞങ്ങള്‍ക്ക് വളരേ മനോഹരമാണ്. അതിനാലാണ് ആ ബഹളങ്ങള്‍ ഒഴിവാക്കിയത്’, നടി വ്യക്തമാക്കി.
















































