തിരൂർ: മാതാവിൻ്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ, റോഡിലേക്ക് തെറിച്ച് വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം. വാഹനം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്.
തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്. പുറണ്ണൂർ യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഫൈസ മാതാവിൻ്റെ മടിയിലിരുന്നായിരുന്നു യാത്ര ചെയ്തത്. പിതാവ് ഓടിച്ച ഓട്ടോ കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പൊങ്ങുകയും മാതാവിൻ്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു, വീഴ്ചയിൽ കുഞ്ഞിന്റെ വയറിന് സാരമായി പരുക്കേൽക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ കുട്ടി മരണപ്പെട്ടു. ഫാസിൽ, അൻസിൽ എന്നിവർ സഹോദരങ്ങളാണ്.
ഫൈസൽ ഇൻസ്റ്റാൾമെൻ്റിന് സാധനങ്ങൾ കൊണ്ടുപോയി കൊടുക്കുന്ന ജോലിക്കാരനാണ്. ഫൈസലും ഭാര്യയും ഫൈസയും തിരൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബന്ധുവായ രോഗിയെ കാണാൻ ഓട്ടോയിൽ വന്ന് തിരിച്ചു പോകുമ്പോഴായിരുന്നു അപകടം.