ന്യൂഡൽഹി: ഡൽഹിയിൽ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ‘ആൾദൈവ’ത്തിനെതിരായ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈൽ ഫോണിൽനിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകൾ പോലീസ് കണ്ടെടുത്തു.
വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ വശീകരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായി ചാറ്റുകളിൽനിന്ന് വ്യക്തമാണ്. പാർത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യനന്ദ ഒട്ടേറെ വിമാനക്കമ്പനികളുടെ എയർ ഹോസ്റ്റസുമാർ അടക്കമുള്ള വനിതാ ക്യാബിൻ ക്രൂ അംഗങ്ങൾക്കൊപ്പമുള്ള ഫോട്ടോകൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാൾ ഒന്നിലധികം സ്ത്രീകളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകളും സേവ് ചെയ്തിരുന്നു. ഇയാളുടെ സഹായികളായ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്ഥാപനമായ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ മുൻ ഡയറക്ടറായ ഇയാൾക്കെതിരെ നിലവിൽ വിവിധ വകുപ്പുകളിലായി കേസുകളുണ്ട്. വനിതാ ഹോസ്റ്റലിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. ഇരകൾ പോലീസിൽ മൊഴി നൽകിയതിന് ശേഷം 50 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ രണ്ട് ദിവസം മുൻപാണ് ആഗ്രയിലെ ഒരു ഹോട്ടലിൽനിന്ന് പിടികൂടിയത്. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിൽ കള്ളം പറയുകയാണെന്നും പോലീസ് പറഞ്ഞു.