കൊച്ചി: കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കൊക്കയ്ൻ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസ് എക്‌സൈസിന് ശാസ്ത്രീയമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് വിചാരണക്കോടതിയുടെ നടപടി.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കൊക്കയ്ൻ ലഹരി കേസിലാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബംഗളൂർ സ്വദേശി ബ്ലെസി സിൽവസ്റ്റർ, കരുനാഗപ്പള്ളി സ്വദേശി ടിൻസി ബാബു, കോട്ടയം സ്വദേശി സ്‌നേഹ ബാബു എന്നിവരെയും കോടതി വെറുതെവിട്ടു.
2015 ജനുവരി 30നായിരുന്നു ഏഴ് ഗ്രാം കൊക്കെയ്‌നുമായി ഷൈൻ ടോം ചാക്കോ അടക്കം അഞ്ച് പേരെ എക്‌സൈസ് റെയ്ഡിലൂടെ പിടികൂടിയത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലായിരുന്നു എക്‌സൈസ് റെയ്ഡ്. ഒന്നാംപ്രതി രേഷ്മ രംഗസ്വാമി, രണ്ടാംപ്രതി ബ്ലസി സിൽവസ്റ്റർ എന്നിവർ അറസ്റ്റിലായതോടൊപ്പം ഫോണിൽ പകർത്തിയ കൊക്കെയ്ൻ ദൃശ്യങ്ങൾ എക്‌സൈസ് തെളിവായി കണ്ടെത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളുള്ള അപൂർവ്വം കേസാണിതെന്നായിരുന്നു എക്‌സൈസ് നിലപാട്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഷൈൻ ടോം ചാക്കോ രണ്ട് മാസത്തോളമാണ് റിമാൻഡിൽ കഴിഞ്ഞത്.
എന്നാൽ കേസ് ശാസ്ത്രീയമായി തെളിയിക്കാൻ പറ്റിയില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേസ് രജിസ്റ്റർ ചെയ്ത് 10 വർഷം പൂർത്തിയാകുമ്പോഴാണ് ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസകരമായ വിധി പുറത്തുവന്നത്. 2018ലാണ് എറണാകുളം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.