ന്യൂയോർക്ക്: യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാനെ ആക്രമിച്ച ഇന്ത്യയെ നാണംകെടുത്തി തിരിച്ചയച്ചുവെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ. കൂടാതെ ഇന്ത്യയ്‌ക്കെതിരായ സംഘർഷത്തിൽ പാക്കിസ്ഥാനാണ് ജയിച്ചതെന്നും ഷഹബാസ് ഷെരീഫ് യുഎന്നിൽ അവകാശവാദമുന്നയിച്ചു.
‘‘ഈ വർഷം മേയിൽ കിഴക്കൻ അതിർത്തിയിൽനിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായി. ശത്രുക്കളെ ഞങ്ങൾ നാണംകെടുത്തി തിരിച്ചയച്ചു. പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ രാഷ്ട്രീയമായ മുതലെടുപ്പിനായി പാക്കിസ്ഥാനെ ആക്രമിച്ചു. എന്നാൽ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സൈന്യം അവർക്ക് ആകാശത്തുവച്ച് മറുപടി നൽകി. ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങളെയാണ് ഞങ്ങൾ തകർത്തത്’’–ഷഹബാസ് ഷെരീഫ് പറഞ്ഞു.
അതേപോലെ ഇന്ത്യ–പാക്കിസ്ഥാൻ വെടിനിർത്തലിന് യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതയുണ്ടായിരുന്നുവെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പലപ്പോഴും ട്രംപ് ഉന്നയിച്ച അവകാശവാദമാണ് പാക്കിസ്ഥാൻ യുഎന്നിൽ ആവർത്തിച്ചത്. അതേസമയം ആരുടെയും മധ്യസ്ഥതയില്ലാതെ ഇരുപക്ഷവും കൊണ്ടുവന്ന ധാരണപ്രകാരമാണ് വെടിനിർത്തലുണ്ടായതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദറും ഏതാനും നാളുകൾക്കുമുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിന് കടകവിരുദ്ധമായാണ് ഷരീഫിന്റെ യുഎൻ പ്രസംഗം.
ഇന്ത്യയുമായുള്ള വെടിനിർത്തലിന് ‘നിർണായക പങ്കുവഹിച്ച’ ട്രംപിനോടുള്ള നന്ദിയും ഷെരീഫ് പ്രസംഗത്തിൽ രേഖപ്പെടുത്തി. ‘‘ പ്രസിഡന്റ് ട്രംപിന്റെ സമാധാന ശ്രമങ്ങളാണ് ദക്ഷിണേഷ്യയിലെ യുദ്ധം ഒഴിവാക്കിയത്. അദ്ദേഹം തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമായേനെ. ഇത്തരത്തിൽ ലോകത്താകെ സമാധാനത്തിനായി ശ്രമിക്കുന്ന ട്രംപിനെ പാക്കിസ്ഥാൻ സമാധാന നോബേലിനായി ശുപാർശ ചെയ്യുകയാണ്. അദ്ദേഹത്തിനു വേണ്ടി ഞങ്ങൾക്ക് ചെയ്യാനാകുന്നത് അതു മാത്രമാണ്. അദ്ദേഹമാണ് ശരിക്കുള്ള സമാധാനത്തിന്റെ പ്രതിപുരുഷൻ’’–ഷെരീഫ് പറഞ്ഞു.

















































