തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് ജീവനക്കാരന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്ന് പിടിച്ചെന്നാണ് പരാതി.ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. ഐസിയു ജീവനക്കാരനായ ഇയാൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവിൽ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്.
ബന്ധുക്കൾ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിനു നൽകി.