പാലക്കാട്: ഏറെ ആരാധിക്കുന്ന ക്രിക്കറ്റ് താരം സഞ്ജു സാംസണിൽ നിന്നു മൊബൈൽ ഫോൺ സമ്മാനമായി കിട്ടിയ സന്തോഷത്തിലാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി. ശബരീഷ് ഇപ്പോൾ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാടം ബസ് സ്റ്റോപ്പിനു സമീപത്ത് വച്ചായിരുന്നു ശബരീഷിന് അപ്രതീക്ഷിത സമ്മാനമെത്തിയത്..
ജോലികഴിഞ്ഞ് വൈകിട്ട് പതിവുപോലെ കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോകുകയായിരുന്നു ശബരീഷും കൂട്ടുകാരും. ഈ സമയം ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ആരാധകനായ ശബരീഷ് മഞ്ഞ ജഴ്സിയും ധരിച്ചാണ് കളിക്കാനിറങ്ങിയത്. കയ്യിൽ ബാറ്റുമുണ്ടായിരുന്നു. ഡിഷ് ആന്റിന ടെക്നീഷ്യനായ ശബരീഷ് കടമ്പഴിപ്പുറം ക്ലബിൽ ക്രിക്കറ്റ് കളിക്കാരാനാണ്. വിക്കറ്റ് കീപ്പറും.
പുഞ്ചപ്പാടം സ്കൂൾ ബസ് സ്റ്റോപ്പിനു സമീപം കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നതു കണ്ടു വെറുതേ നോക്കി. കാറിനു സമീപത്തു മൊബൈൽ ഫോണിൽ സംസാരിച്ചു നിൽക്കുന്നയാളെ കണ്ടു ഞെട്ടിപ്പോയി, താൻ ഏറെ ആരാധിക്കുന്ന ഈ ലോകകപ്പിലെ തന്നെ സൂപ്പർ ഹീറോ, സാക്ഷാൽ സഞ്ജു സാംസൺ.
ഉടനെ ഒരു സെൽഫി എടുത്തോട്ടെ എന്നു ശബരീഷ് സഞ്ജുവിനോട്. “പിന്നെന്താ… എന്നു സഞ്ജുവിന്റെ മറുപടി. സെൽഫി എടുക്കുമ്പോഴാണു ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേയിൽ പൊട്ടലുള്ളതു സഞ്ജുവിന്റെ ശ്രദ്ധയിൽപെട്ടത്. ഫോണിൽ പതിഞ്ഞ ചിത്രത്തിനു വ്യക്തതയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു മൊബൈൽ ഫോൺ എടുത്തു ശബരീഷിനു നൽകി. “ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ’.
പിന്നീട് ഈ മൊബൈൽ ഫോണിലാണു ശബരീഷ്, സഞ്ജുവിനോടൊപ്പ മുള്ള സെൽഫി പകർത്തിയത്. കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു സഞ്ജു അപ്പോൾ. ചെന്നൈയിൽ ഐപിഎൽ മത്സരത്തിൽ കളിക്കാനാണു പോകുന്നത്.















































