മുംബൈ: ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ മത്സരത്തിൽ അവിസ്മരണീയ ഇന്നിങ്സിനു ലഭിച്ച അഭിനന്ദനങ്ങൾക്കും പ്രശംസകൾക്കും നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 97 റൺസിന്റെ സഞ്ജുവിന്റെ ഉജ്വല ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഇതോടെ ഇന്ത്യ ലോകകപ്പ് സെമിയിൽ ടീം പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രമുഖ വ്യക്തികളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും സഞ്ജുവിനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയായിരുന്നു. മത്സരം കഴിഞ്ഞിട്ട് മൂന്നു ദിവസമായെങ്കിലും സമൂഹമാധ്യമങ്ങളിൽ അതിന്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല.
ഇതിനു പിന്നാലെയാണ് സഞ്ജു സാംസൺ എല്ലാവർക്കും നന്ദിയറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഒരു സ്റ്റോറി പങ്കുവച്ചുകൊണ്ട് സഞ്ജു ഇങ്ങനെ കുറിച്ചു, ‘‘എനിക്ക് സ്നേഹവും പിന്തുണയും നൽകുകയും പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്ത ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്രയധികം സ്നേഹം എന്നിലേക്ക് വരുന്നത് കാണുന്നതും അനുഭവിക്കുന്നതും വലിയ കാര്യമാണ്. എല്ലാവർക്കും – നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി രണ്ട് ചുവടുകൾ കൂടി.. ഇന്ത്യ’’. നാളെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനായി ഇന്ത്യൻ ടീമിനൊപ്പം സഞ്ജു മുംബൈയിലെത്തിയിട്ടുണ്ട്.
അതേസമയം സഞ്ജുവിന്റെ ഭാര്യ ചാരുലതയും ആരാധകർക്ക് നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു. ‘‘ഇതൊരു ക്രിക്കറ്റ് മത്സരമായിരുന്നു, നമ്മൾ അടുത്തതിലേക്ക് കടക്കേണ്ടതുണ്ട്. പക്ഷേ, എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും… പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും… എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു…’’













































