ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പാക്കിസ്ഥാൻ മുൻ നായകൻ സൽമാൻ ആഗയെ റണ്ണൗട്ടാക്കിയതിനെചൊല്ലി വിവാദം മുറുകുന്നു. ബോളെടുത്തുകൊടുത്ത് സഹായിക്കാനെത്തിയ സൽമാൻ ആഗയെ ബംഗ്ലാ സ്പിന്നർ മെഹ്ദി ഹസൻ മിറാസ് പുറത്താക്കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിൽ ക്ഷുഭിതനായ സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞാണ് തൻറെ പ്രതിഷേധം രേഖപ്പെടുത്തിയത്.
പാക്കിസ്ഥാൻ ഇന്നിംഗ്‌സിൻറെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. സൽമാൻ ആഗയും മുഹമ്മദ് റിസ്‌വാനും ചേർന്ന് നാലാം വിക്കറ്റിൽ 109 റൺസിൻറെ ശക്തമായ കൂട്ടുകെട്ടുമായി പാക്കിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയിൽ എത്തിച്ചിരുന്നു. മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിംഗ് എൻഡിലായിരുന്ന റിസ്‌വാൻ നേരെ മുന്നോട്ട് അടിച്ചു. പന്ത് പിടിക്കാൻ ശ്രമിച്ച മെഹ്ദി നോൺ-സ്ട്രൈക്കിംഗ് എൻഡിലായിരുന്ന സൽമാൻ ആഗയുടെ കാലിന് താഴെവെച്ചാണ് പന്ത് തടുത്തത്. വീണുകിടന്ന മെഹ്ദിക്ക് പന്തെടുത്തുകൊടുക്കാൻ സൽമാൻ ആഗ കുനിയുന്നതിനിടെ പന്ത് കൈക്കലാക്കിയ മെഹ്ദ് സ്റ്റംപ് തെറിപ്പിച്ച് റണ്ണൗട്ടിനായി അപ്പീൽ ചെയ്തു. ഈ സമയം ക്രീസിന് പുറത്തായിരുന്നു ആഗ.
Crucial moment! Mehidy Hasan Miraz removes Salman Agha with a brilliant run-out. ⚡🏏#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/N0inKkZVwz
— Bangladesh Cricket (@BCBtigers) March 13, 2026
ഇതോടെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട സൽമാൻ ആഗ ആക്രോശിച്ചുകൊണ്ട് ഹെൽമറ്റും ഗ്ലൗസും നിലത്തടിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്. ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഈ പുറത്താക്കലെന്ന വാദം ശക്തമാണ്. ഐസിസി നിയമം അനുസരിച്ച്, ഒരു ഫീൽഡർ മനപ്പൂർവ്വം ബാറ്ററെ തടസപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് കുറ്റകരമാണ്. മെഹ്ദി ഹസൻ പന്ത് ഫീൽഡ് ചെയ്യാനല്ല, മറിച്ച് ആഗയ്ക്ക് തിരികെ ക്രീസിൽ കയറാനുള്ള വഴി തടസപ്പെടുത്താനാണ് ശ്രമിച്ചതെന്ന് വ്യക്തമായാൽ അത് ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ അമ്പയർ ഔട്ട് വിധിയിൽ ഉറച്ചുനിന്നു.
അതേസമയം ആഗ പുറത്തായതോടെ പാക്കിസ്ഥാൻ തകർന്നടിഞ്ഞു. 230/3 എന്ന നിലയിലായിരുന്ന അവർ വെറും 274 റൺസിന് ഓൾഔട്ടായി. ആദ്യ മത്സരത്തിൽ ജയിച്ച ബംഗ്ലാദേശ് മൂന്ന് മത്സരപരമ്പരയിൽ 1-0ന് മുന്നിലാണ്. ഇതിനിടെ ബംഗ്ലാ- പാക് സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം തീർക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ബംഗ്ലാദേശിനെ പുറത്താക്കിയതിൽ ഏറ്റവും കൂടുതൽ രോഷപ്രകടനം നടത്തിയത് പാക്കിസ്ഥാനായിരുന്നു.















































