തിരുവനന്തപുരം: ശബരിമല സ്വർണ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങിൽ അതിഥിയായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെത്തിയ ഫോട്ടോകൾ പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 25-ന് നടന്ന കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്റെ വിവാഹ ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്.
ഓഗസ്റ്റ് 25ന് തിരുവല്ല ഇടിഞ്ഞില്ലം വിജയ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരും ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ആളുകളുമാണ് എത്തിയിരുന്നത്. ഈ വിവാഹച്ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിച്ചേർന്നത്. കൂടാതെ ദേവസ്വം മന്ത്രി വി.എൻ. വാസവനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ദേവസ്വം മന്ത്രിതന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാം.
അതേസമയം ദേവസ്വം ബോർഡ് ശബരിമലയിൽനിന്ന് സ്വർണം പൂശാനായി ഏൽപ്പിച്ചത് ചെമ്പുപാളികൾതന്നെയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ശനിയാഴ്ചയും ഞായറാഴ്ച ദേവസ്വം വിജിലൻസ് മൊഴിയെടുത്തപ്പോഴും പറഞ്ഞതുതന്നെ ആവർത്തിക്കുകയാണ് പോറ്റി ചെയ്തത്. ഞായറാഴ്ച രാവിലെ രണ്ടരമണിക്കൂറോളം മൊഴിയെടുത്തു. താനടക്കം മൂന്നുപേരാണ് സ്വർണംപൂശാനുള്ള ചെലവ് വഹിച്ചതെന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. 15 ലക്ഷത്തോളം രൂപ ചെലവായി. പാളി ബെംഗളൂരുവിൽ കൊണ്ടുപോയി. അവിടെ പ്രദർശനമൊന്നുമല്ല, പൂജയാണ് നടത്തിയത്. ഉദ്യോഗസ്ഥരാണ് തന്നെ പാളി ഏൽപ്പിച്ചത്. മറ്റ് നിയമപരമായ കാര്യങ്ങൾ അറിയില്ലെന്നും അതിന് മറുപടിപറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഉണ്ണികൃഷ്ണൻ നൽകിയ മൊഴിയിൽ പറയുന്നു.
















































