തൃശൂർ: സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വിളിച്ച ഫോൺ കോളിൽ അസ്വാഭാവികത സംശയിച്ച് ദാരുശിൽപ്പി എളവള്ളി നന്ദൻ. ശബരിമല സ്വർണ വിവാദങ്ങൾ തുടങ്ങിയശേഷം രണ്ടുതവണ ഉണ്ണികൃഷ്ണൻ പോറ്റി ഫോണിൽ ബന്ധപ്പെട്ടെന്നും രണ്ടാമത്തെ ഫോൺ വിളിയിൽ അസ്വാഭാവികത തോന്നിയെന്നുമാണ് എളവള്ളി നന്ദൻ വെളിപ്പെടുത്തിയത്.
സ്വർണ്ണപ്പാളി വിവാദം തുടങ്ങിയ ശേഷം ആദ്യത്തെ തവണ വിളിച്ചപ്പോൾ ശബരിമല സ്വർണ വാതിലിൻറെ അടിയിൽ ചെമ്പിൻറെ ഒരു പാളി, എലി കടക്കാതിരിക്കാൻ വെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഇല്ലെന്നും വാതിൽ വച്ച ശേഷം വാതിലുമായി തനിക്ക് ബന്ധമൊന്നുമില്ലല്ലോ എന്നും മറുപടി നൽകിയതായും എളവള്ളി നന്ദൻ വ്യക്തമാക്കി. ഇക്കാര്യം ചാനലിൽ പറഞ്ഞ ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും വിളിച്ചു. ‘നന്ദകുമാറെ, വാതിലിൽ മുള്ളാണി അടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ആദ്യത്തെ ഫോൺ വിളി സ്വഭാവികമായിരുന്നെങ്കിവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ടാമത്തെ കോളിൽ അസ്വാഭാവികത തോന്നിയെന്നാണ് ഇളവള്ളി നന്ദൻ വ്യക്തമാക്കിയത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം പുറത്തുവരണമെന്നും എളവള്ളി നന്ദൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.