തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ തെളിവുകൾ തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) പരിശോധന ഒന്നിനു പിറകെ ഒന്നായി കുരുക്കവുന്നു. ശബരിമലയിലുള്ള സ്വർണപ്പാളികൾ പുതിയതാണോ അതോ സ്വർണം മാറ്റിയ ശേഷം വീണ്ടും പഴയത് ഉരുക്കി വീണ്ടും നിർമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള അതിസങ്കീർണമായ ഡീകോഡിങ് നടപടികളാണ് ഇപ്പോ ൾ നടക്കുന്നത്.
മാത്രമല്ല പുതുക്കിക്കൊണ്ടുവന്ന സ്വർണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ കഴിയാത്തതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യഘട്ട പരിശോധനാ ഫലത്തിൽ പാളികളിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ പാളികൾ മാറ്റപ്പെട്ടതാകാമെന്ന നിഗമനത്തിൽ കോടതി അടക്കം എത്തിയിരുന്നുവെങ്കിലും ശാസ്ത്രജ്ഞർ ഇത് പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പഴയ പാളികളിൽനിന്ന് സ്വർണം ഉരുക്കിയെടുത്ത് വീണ്ടും പൂശി തിരിച്ചുകൊണ്ടുവന്നതാണോ അതോ പഴയ പാളികൾ അപ്പാടെ മാറ്റി പുതിയവ സ്ഥാപിച്ചതാണോ എന്നത്.
അതുപോലെ നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ദ്വാരപാലക ശിൽപത്തിലെ പാളികളുടെ ഉൾപ്പെടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും വി.എസ്.എസ്.സിക്ക് കൈമാറി. കൊള്ള നടന്നത് പാളികൾ അപ്പാടെയാണോ അതോ സ്വർണം ഉരുക്കിയെടുക്കുകയായിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മാത്രമല്ല തൊണ്ടിമുതൽ എവിടെ എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് ഉത്തരമില്ല. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താതെ കുറ്റപത്രം നൽകുന്നത് കേസിനെ കോടതിയിൽ ദുർബലമാക്കുമെന്ന ആശങ്കയിലാണ് എസ്ഐടി കുറ്റപത്രം വൈകുന്നത്. ഇത് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമാവാനും സാധ്യതയുണ്ട്.

















































