കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ നിർണ്ണായകമായ അവസാന സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ ബാറ്റിംഗ് ക്രമത്തിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നു നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും മെല്ലെപ്പോക്കിനു പഴികേട്ട തിലക് കഴിഞ്ഞ മത്സരത്തിൽ സിംബാബ്വെക്കെതിരെ ആറാം നമ്പറിൽ ഇറങ്ങി വെറും 16 പന്തിൽ നിന്ന് 44 റൺസുമായി പുറത്താകാതെ നിന്നിരുന്നു.
കൂടാതെ ഹാർദിക് പാണ്ഡ്യക്കൊപ്പം 41 പന്തിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ തിലക്, മൂന്ന് ഫോറുകളും നാല് സിക്‌സറുകളുമാണ് പറത്തിയത്. കളിയിൽ ഏറ്റവും കൂടുതൽ സ്ട്രൈക് റേറ്റുണ്ടായിരുന്ന താരവും തിലക് ആയിരുന്നു, എന്നാൽ ഇതേ പൊസിഷനിൽ തന്നെ താരം അടുത്ത മത്സരത്തിലും ഇറങ്ങുമെന്ന് ഉറപ്പില്ലെന്ന് ഡോഷേറ്റ് വ്യക്തമാക്കി. ”നാളെ അദ്ദേഹം അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ തന്നെ ബാറ്റ് ചെയ്യുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. നമുക്ക് ഇപ്പോൾ ഒരുപാട് ഓപ്ഷനുകളുണ്ട്. സഞ്ജു സാംസൺ ടോപ്പ് ഓർഡറിൽ തിളങ്ങുന്നത് നമ്മൾ കണ്ടതാണ്. എതിർ ടീമിന്റെ ബൗളിംഗ് കോമ്പിനേഷൻ അനുസരിച്ച് മാറ്റങ്ങൾ വരുത്തും.” ടെൻ ഡോഷേറ്റ് പറഞ്ഞു.
അതേസമയം സൂപ്പർ-8 ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി കടമ്പ കടക്കാൻ വെസ്റ്റ് ഇൻഡീസിനെതിരെ വിജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചതോടെ, അടുത്ത മത്സരത്തിൽ ഏത് മാർജിനിൽ ജയിച്ചാലും ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കാം.
എന്നാൽഇന്ത്യൻ ടീമിന് ചരിത്രപരമായ കണക്കുകൾ വലിയ വെല്ലുവിളിയാണ്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. ഈ മോശം റെക്കോർഡ് മറികടന്ന് സെമിയിലെത്തുക എന്നതാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. തിലക് വർമ്മയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ടെന്നും ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ താരം പ്രാപ്തനാണെന്നും കോച്ച് കൂട്ടിച്ചേർത്തു.
















































