മോസ്കോ ∙ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിന്റെ നിർദേശം തള്ളി റഷ്യ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണ് ഈ ആവശ്യമെന്ന് റഷ്യ കുറ്റപ്പെടുത്തി. തകർച്ചകൾ നികത്താനും സൈന്യത്തെ പുനഃസംഘടിപ്പിക്കാനും യുദ്ധം തുടരാൻ യുക്രെയ്ൻ സായുധ സേനയെ സജ്ജമാക്കാനുമാണ് സെലൻസ്‌കി വെടിനിർത്തലിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുക്രെയ്ന്റെ നിർദേശം റഷ്യയെ അറിയിക്കാൻ അമേരിക്കൻ മധ്യസ്ഥരോട് ആവശ്യപ്പെടുമെന്ന് സെലൻസ്‌കി പറഞ്ഞതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അമേരിക്ക-ഇറാൻ യുദ്ധം മൂലം ഉണ്ടായ ആഗോള എണ്ണ പ്രതിസന്ധി ലഘൂകരിക്കാൻ ഊർജ കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പരസ്പര സമ്മതത്തോടെ നിർത്തലാക്കുന്നത് സഹായിക്കുമെന്നായിരുന്നു സെലെൻസ്കിയുടെ വാദം.
















































