വാഷിങ്ടൻ; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതിയുടെ വിലയിരുത്തൽ. ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോൾ രാജ്യത്തില്ലെന്നും കോടതി പറഞ്ഞു. ദേശീയ അടിയന്തരാവസ്ഥകളിൽ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത International Emergency Economic Powers Act (IEEPA) നിയമം ഉപയോഗിച്ച് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ പ്രസിഡന്റിന്റെ അധികാരപരിധി ലംഘിച്ചതാണെന്ന് കോടതി 6-3 ഭൂരിപക്ഷത്തിൽ വിധിച്ചു.ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അതേസമയം തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് ജോൺ റോബോർട്ട്സ് തയ്യാറാക്കിയ വിധിയിൽ, IEEPA പ്രസിഡന്റിന് ഇറക്കുമതി നിയന്ത്രിക്കാനുള്ള അധികാരം നൽകുന്നുവെങ്കിലും, താരിഫ് ചുമത്താനുള്ള അധികാരം അതിലൂടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി. താരിഫ് പോലുള്ള വൻ സാമ്പത്തിക നടപടികൾക്ക് കോൺഗ്രസിന്റെ വ്യക്തമായ അനുമതി ആവശ്യമാണ് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കോൺഗ്രസിന്റെ അധികാരത്തിൽ ഇടപെടൽ
അമേരിക്കൻ ഭരണഘടന പ്രകാരം നികുതി, താരിഫ് തുടങ്ങിയ സാമ്പത്തിക നടപടികൾ പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണ്. എന്നാൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ IEEPA ചൂണ്ടിക്കാട്ടി ട്രംപ് ചൈന, കാനഡ, മെക്സിക്കോ ഉൾപ്പെടെ നിരവധി വ്യാപാര പങ്കാളികൾക്കെതിരെ താരിഫുകൾ ഏർപ്പെടുത്തിയിരുന്നു. ദേശീയ സുരക്ഷയും മയക്കുമരുന്ന് കടത്തലും അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചാണ് ഈ നടപടി സ്വീകരിച്ചത്.
കോടതി “മേജർ ക്വസ്റ്റൻസ് ഡോക്ട്രിൻ” എന്ന നിയമ സിദ്ധാന്തവും ചൂണ്ടിക്കാട്ടി. വൻ സാമ്പത്തികവും രാഷ്ട്രീയപരവുമായ പ്രാധാന്യമുള്ള തീരുമാനങ്ങൾ എക്സിക്യൂട്ടീവ് വിഭാഗം കോൺഗ്രസിന്റെ വ്യക്തമായ അംഗീകാരമില്ലാതെ കൈക്കൊള്ളാൻ പാടില്ലെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാന ആശയം.
തിരിച്ചടവ് ബാധ്യത ഉയരും
സുപ്രിം കോടതിയുടെ പുതിയ വിധിയോടെ ഇതിനകം സമാഹരിച്ച ഏകദേശം 175 ബില്യൺ ഡോളറിലധികം സർക്കാർ തിരിച്ചടയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതിലൂടെ അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയ്ക്കും വിപണികൾക്കും വലിയ സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്.
സുപ്രിം കോടതിയുടെ വിധിയെ ഡെമോക്രാറ്റിക് നേതാക്കളായ ഹക്ക് ഷൂമർ, എലിസബത്ത് വാറൻ എന്നിവർ സ്വാഗതം ചെയ്തു. ഉപഭോക്താക്കളുടെയും ചെറുകിട ബിസിനസുകളുടെയും സാമ്പത്തിക ഭാരം കുറയ്ക്കുന്ന വിധിയാണിതെന്ന് അവർ പ്രതികരിച്ചു.
അതേസമയം, ജഡ്ജിയായ ബ്രെറ്റ് കാവനോ വിധിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തി. ഇറക്കുമതി നിയന്ത്രണത്തിനുള്ള സാധാരണ ഉപാധിയാണ് താരിഫുകൾ എന്നും ചരിത്രവും നിയമ വ്യാഖ്യാനവും ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള വ്യാപാര കരാറുകൾക്ക് അനിശ്ചിതത്വം
IEEPA അടിസ്ഥാനമാക്കി ഏർപ്പെടുത്തിയ താരിഫുകൾ നിരവധി രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾക്ക് വഴിയൊരുക്കിയിരുന്നു. സുപ്രീം കോടതിയുടെ പുതിയ വിധി നിലവിലുള്ള ചില കരാറുകൾക്കും ചർച്ചകൾക്കും അനിശ്ചിതത്വം സൃഷ്ടിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ ട്രംപ് ഭരണകൂടം മറ്റ് നിയമ വ്യവസ്ഥകൾ ഉപയോഗിച്ച് താരിഫുകൾ തുടരാനുള്ള വഴികൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള വ്യാപാരരംഗത്തും സാമ്പത്തിക വിപണികളിലും സുപ്രീം കോടതിയുടെ ഈ വിധി വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.











































