മാനന്തവാടി: വീടിന്‍റെ പരിസരം മണ്ണിട്ട് നികത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. മാനന്തവാടി നഗരസഭ റവന്യു ഇൻസ്പെക്ടർ എംഎം സജിത്തിനെയാണ് വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസും സംഘവും അറസ്റ്റ് ചെയ്‌തത്. തൻ്റെ അധികാരപരിധിയിലില്ലാത്ത കാര്യമായിട്ടുകൂടി സജിത്ത് പരാതിക്കാരനോട് 40,000 രൂപ പിഴ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അല്ലാത്തപക്ഷം 10,000 തന്നാൽ ഒഴിവാക്കി വിടാമെന്നും പറഞ്ഞതായുമാണ് പരാതി.
ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന്, ഇന്ന് മാനന്തവാടി ചെറ്റപ്പാലത്തിന് സമീപം വെച്ച് കൈക്കൂലിയായി വാങ്ങിയ 10,000 രൂപയുമായി സജിത്ത് വിജിലൻസിന്‍റെ പിടിയിലാകുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരൻ വഴി സജിത്തിന് നൽകിയ ഫിനോൾഫ്‌താലിൻ പുരട്ടിയ നോട്ടുകൾ ഉദ്യോഗസ്ഥർ സജിത്തിന്‍റെ കൈവശത്തുനിന്ന് കണ്ടെടുത്തു. പരാതികളുടെ പശ്ചാത്തലത്തിൽ ഇയാളുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.