കൊച്ചി: കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) വിരമിച്ച ജീവനക്കാർക്ക് കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) കാന്റീൻ വഴിയുള്ള മദ്യം നിഷേധിക്കുന്നത് വിവേചനമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സിഎപിഎഫ് കാന്റീൻവഴി സിഐഎസ്എഫ് ജീവനക്കാർക്കും മദ്യം നൽകണമെന്ന് ഉത്തരവിട്ടാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സിഐഎസ്എഫ് വെൽഫയർ അസോസിയേഷനടക്കമുള്ളവർ നൽകിയ ഹർജികളിലാണ് ഉത്തരവ്. വിരമിച്ച ജീവനക്കാർക്ക് മദ്യം അനുവദിച്ചാൽ സർവീസിലുള്ളവരും ആവശ്യം ഉന്നയിക്കുമെന്നും സുരക്ഷാപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നുമായിരുന്നു സിഐഎസ്എഫിന്റെ കണ്ടെത്തൽ. എന്നാൽ, സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ സിഎപിഎഫിന്റെ ഭാഗമായ മറ്റ് സേനകളിലെ വിരമിച്ച ജീവനക്കാർക്ക് മദ്യം അനുവദിക്കുമ്പോൾ സിഐഎസ്എഫിന് മദ്യം നിഷേധിക്കുന്നത് തെറ്റാണെന്ന് കോടതി വിലയിരുത്തി.
ഇതോടെ വിരമിച്ച ജീവനക്കാർക്ക് മദ്യം നിഷേധിച്ച് സിഐഎസ്എഫ് കഴിഞ്ഞവർഷം ജൂണിൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൂടാതെ കാന്റീൻ വഴി മദ്യം ലഭിക്കാൻ വിരമിച്ച ജീവനക്കാരുടെ വിവരങ്ങൾ സിഎപിഎഫ് കാന്റീനുകൾക്ക് നൽകാൻ സിഐഎസ്എഫ് ഡയറക്ടർ ജനറലിന് നിർദേശവും നൽകി.