കൊച്ചി/മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേർന്ന് മേഖലയിൽ വഴിത്തിരിവാകുന്ന സ്‌പോർട്‌സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ആർസിപിഎൽ). സ്പിന്നർ എന്ന പേരിലാണ് റിലയൻസും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച സ്പിന്നറായ മുത്തയ്യ മുരളീധരനും സഹകരിച്ച് പുതിയ പാനീയം പുറത്തിറക്കിയിരിക്കുന്നത്. രുചികരവും ഊർജദായകവുമായ ഫ്‌ളേവറുകളും വിലക്കുറവും കാരണം വിപണിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉൽപ്പന്നമായിരിക്കുമിത്. വെറും പത്ത് രൂപയ്ക്ക് ലഭ്യമാകുന്ന ആദ്യത്തെ സ്‌പോർട്‌സ് ഡ്രിങ്കാണ് സ്പിന്നർ.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിന്റെ സ്‌പോർട്‌സ് ബെവറേജ് വിപണി സൃഷ്ടിക്കുന്ന മുന്നേറ്റത്തിന് സ്പിന്നർ വഴിവയ്ക്കും. പ്രമുഖ ഐപിഎൽ ടീമുകളായ ലക്ക്‌നൗ സൂപ്പർ ജയന്റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയവരെല്ലാം സ്പിന്നറിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ബ്രാൻഡിനെ ദേശീയതലത്തിൽ ജനകീയമാക്കും.
റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സുമായി ചേർന്നുള്ള ഈ ആവേശകരമായ ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസവും സ്പിന്നറിന്റെ സഹ-നിർമ്മാതാവുമായ മുത്തയ്യ മുരളീധരൻ പറഞ്ഞു. ഒരു കായികതാരം എന്ന നിലയിൽ, ജലാംശം എത്ര പ്രധാനമാണെന്ന് എനിക്കറിയാം, പ്രത്യേകിച്ചും നിങ്ങൾ യാത്രയിലോ, കായിക വിനോദത്തിലോ ആയിരിക്കുമ്പോൾ. സ്പിന്നർ ഒരു ഗെയിം ചേഞ്ചറാണ്, അത് അവർ എവിടെയായിരുന്നാലും എന്ത് ചെയ്താലും ജലാംശവും സജീവവുമായി തുടരാൻ ഓരോ ഇന്ത്യക്കാരനെയും പ്രാപ്തരാക്കും-മുരളീധരൻ പറഞ്ഞു.
‘ഓരോ ഇന്ത്യക്കാരനും അവരുടെ ദൈനംദിന ജീവിതത്തെ ഉയർത്തുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് അർഹരാണെന്നാണ് റിലയൻസ് വിശ്വസിക്കുന്നത്. സ്പിന്നർ ഉപയോഗിച്ച്, നിങ്ങൾ ഒരു പ്രൊഫഷണൽ അത്ലറ്റായാലും ശരീരത്തിൽ ജലാംശം നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാളായാലും എല്ലാവർക്കും ഉപകരിക്കുന്നതും താങ്ങാനാവുന്നതും ഫലപ്രദവുമായ ഉൽപ്പന്നമാണ് ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെയും ഐപിഎൽ ടീമുകളുടെയും പങ്കാളിത്തത്തോടെ ഈ നൂതന ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഹൈഡ്രേഷൻ എല്ലാവർക്കും ലഭ്യമാക്കാനുള്ള ഞങ്ങളുടെ ദൗത്യം ഞങ്ങൾ തുടരും’. റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ സിഒഒ കേതൻ മോഡി കൂട്ടിച്ചേർത്തു.