തിരുവനന്തപുരം: തനിക്കെതിരെയുള്ള കെ പി ശശികലയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. റാപ്പ് ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ദളിതർ ഇത് ചെയ്താൽ മതിയെന്ന തിട്ടൂരമാണ് കെ പി ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണ് ഈ പരാമർശമെന്നും റാപ്പർ വേടൻ പ്രതികരിച്ചു.
സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളതെന്നും വേടൻ കൂട്ടിച്ചേർത്തു.
ഇതിനിടെ റാപ്പർ വേടനെതിരായ കെ.പി ശശികലയുടെ പരാമർശത്തിൽ പ്രതികരണവുമായി പി ജയരാജൻ. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പ്രതികരിച്ചു. വേടനെതിരായത് ജാതീയമായ അധിക്ഷേപമാണെന്നും സംഘപരിവാർ ആവശ്യത്തിന് പട്ടികജാതിക്കാരെ ഉപയോഗിച്ച് വലിച്ചെറിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.